ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ്, ആകാശ എയര്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച സംഭവത്തില്‍ പൈലറ്റുമാര്‍ക്കെതിരെ നടപടി. അപകടത്തിന് കാരണക്കാരായ സ്‌പൈസ് ജെറ്റ് വിമാനത്തിലെ പൈലറ്റ് ഇന്‍ കമാന്‍ഡിനെയും കോ-പൈലറ്റിനെയുമാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവാണ് അപകടത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി.

വ്യാഴാഴ്ച ഉച്ചയ്ക്ക് ടെര്‍മിനല്‍ ഒന്നിലെ ടാക്‌സിവേയില്‍ വെച്ചായിരുന്നു സംഭവം. ലേയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനം ടാക്‌സി ചെയ്യുന്നതിനിടെ നിര്‍ത്തിയിട്ടിരുന്ന ആകാശ എയര്‍ വിമാനത്തില്‍ തട്ടുകയായിരുന്നു. വിമാനങ്ങളുടെ ചിറകുകള്‍ക്കും വാല് ഭാഗത്തിനും കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (AAIB) ഉത്തരവിട്ടിട്ടുണ്ട്.
