ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നിര്‍ണ്ണായകമായ അടുത്ത ഘട്ടം ചര്‍ച്ചകള്‍ തിങ്കളാഴ്ച പാക്കിസ്ഥാന് തലസ്ഥാനമായ ഇസ്ലാമാബാദില് നടക്കുമെന്ന് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ചയ്ക്കായി തിങ്കളാഴ്ച ഇസ്ലാമാബാദില് എത്തുമെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചാ പ്രതിനിധി സംഘങ്ങള്‍ ഞായറാഴ്ച തന്നെ പാക്കിസ്ഥാനില്‍ എത്തിയേക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങള്‍ ഊര്‍ജ്ജിതമാകുന്നതിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം.
അതേസമയം, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും നയതന്ത്ര പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ പാക്കിസ്ഥാന് നടത്തുന്ന ശ്രമങ്ങളെ ഖത്തര്‍ അമീറും തുര്‍ക്കി പ്രസിഡന്റും പ്രശംസിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അന്റാലിയ ഡിപ്ലോമസി ഫോറത്തിന്റെ ഭാഗമായാണ് ഈ നിര്‍ണ്ണായക കൂടിക്കാഴ്ചകള്‍ നടന്നത്.

അമേരിക്കയും ഇറാനും തമ്മിലുള്ള സ്തംഭനാവസ്ഥയിലായ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാക്കിസ്ഥാന് ആര്‍മി ചീഫ് അസിം മുനീര്‍ വ്യാഴാഴ്ച ടെഹ്റാനില്‍ ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബുധനാഴ്ച ടെഹ്റാനിലെത്തിയ അസിം മുനീറിനെ ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് സ്വീകരിച്ചത്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഉടലെടുത്തിട്ടുള്ള തര്‍ക്കങ്ങളില്‍ ഒരു വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാന്. നേരത്തെ നടന്ന ആദ്യഘട്ട ചര്‍ച്ചകളില്‍ പുരോഗതിയില്ലാതെ അവസാനിച്ചതിനെത്തുടര്‍ന്ന് രണ്ടാം ഘട്ടത്തിനുള്ള കളമൊരുക്കുകയാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
