കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റ പേ ലോണ്‍ ആപ്പ് ഉടമകളായ മൂന്ന് പേരെ പോലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്ന് ഋഷികേശ് തിവാരി, പ്രശാന്ത് ഖേവല്‍, പ്രകാശ് ജയ് എന്നിവരെയാണ് കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് സാഹസികമായി പിടികൂടിയത്. വലിയൊരു ഐടി പാര്‍ക്കിന് സമാനമായ സജ്ജീകരണങ്ങളോടെ പ്രവര്‍ത്തിച്ചിരുന്ന ഓഫീസില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഒരേസമയം 35-ലേറെ സിം കാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച്, മാറി മാറി വിളിച്ചും സന്ദേശങ്ങള്‍ അയച്ചും ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്നതായിരുന്നു ഇവരുടെ രീതി. 36 ശതമാനത്തോളം അമിത പലിശയാണ് വായ്പകള്‍ക്ക് ഈ സംഘം ഈടാക്കിയിരുന്നത്. നിതിന്‍ രാജ് ലോണ്‍ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ, റഫറന്‍സ് നമ്പറായി നല്‍കിയിരുന്ന അധ്യാപികയെ സംഘം നിരന്തരം ശല്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് അധ്യാപിക കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കുകയും, പ്രിന്‍സിപ്പല്‍ നിതിനെ വിളിച്ചുവരുത്തി ഫോണ്‍ വാങ്ങി വെക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ.

ലോണ്‍ ആപ്പ് ഭീഷണിക്ക് പുറമെ, കോളേജ് അധ്യാപകരില്‍ നിന്ന് നിതിന്‍ നേരിട്ട മാനസിക പീഡനങ്ങളെക്കുറിച്ചും പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്നുണ്ട്. കേസില്‍ അധ്യാപകരായ ഡോ. എന്‍. റാം, ഡോ. സംഗീത നമ്പ്യാര്‍ എന്നിവരുടെ പങ്കും പോലീസ് പരിശോധിച്ചു വരികയാണ്. വിദ്യാര്‍ത്ഥിയുടെ മരണം ആത്മഹത്യ പ്രേരണയുമായി ബന്ധപ്പെട്ട വിവിധ വശങ്ങളിലൂടെയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
