വൻകൂവർ: വൻകൂവർ നഗരത്തിലെ സ്ട്രീറ്റ് പാർക്കിങ് മീറ്ററുകളിൽ ഇനി മുതൽ നാണയങ്ങൾ ഉപയോഗിച്ച് പണമടയ്ക്കാൻ സാധിക്കില്ല. പാർക്കിങ് സംവിധാനങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെയും പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിന്റെയും ഭാഗമായി സിറ്റി പുതിയ മാറ്റം കൊണ്ടുവരികയാണ്. എഡ്മിന്റൺ, വിനിപെഗ്, വാഷിങ്ടൺ ഡിസി തുടങ്ങിയ നഗരങ്ങളുടെ പാത പിന്തുടർന്നാണ് വൻകൂവർ സിറ്റിയും ഈ തീരുമാനമെടുത്തത്. നാണയങ്ങൾ ശേഖരിക്കുന്നതിനും സുരക്ഷിതമായി എത്തിക്കുന്നതിനുമുള്ള ചിലവ് കുറയ്ക്കുന്നതിനും, നാണയങ്ങൾ നിക്ഷേപിക്കുന്ന മെഷീനുകൾ അടിക്കടി കേടാകുന്നത് തടയുന്നതിനുമാണ് പ്രധാനമായും ഇത്തരമൊരു നീക്കം.
വൻകൂവറിൽ ആഴ്ചയിലെ ഏഴ് ദിവസവും രാവിലെ 9 മുതൽ രാത്രി 10 വരെ പാർക്കിങ് ഫീസ് പ്രാബല്യത്തിലുണ്ട്. എന്നാൽ മറ്റ് പല നഗരങ്ങളിലും പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം വരെ മാത്രമേ ഫീസ് ഈടാക്കാറുള്ളൂ. സിറ്റിയുടെ കണക്കുകൾ പ്രകാരം പാർക്കിങ് വരുമാനത്തിന്റെ നാല് ശതമാനം മാത്രമാണ് നാണയങ്ങളിലൂടെ ലഭിക്കുന്നത്. നിലവിൽ ബഹുഭൂരിപക്ഷം ആളുകളും പേ-ബൈ-ഫോൺ (PayByPhone), ഹോട്ട്സ്പോട്ട് (HotSpot) തുടങ്ങിയ മൊബൈൽ ആപ്പുകളാണ് പണമടയ്ക്കാൻ ഉപയോഗിക്കുന്നത്.

മൊബൈൽ ആപ്പുകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും പുറമെ ഫോൺ കോളിലൂടെയും പാർക്കിങ് ഫീസ് അടയ്ക്കാൻ സാധിക്കും. പണമടയ്ക്കുന്നതിനായി ഡ്രൈവർമാർക്ക് 604-909-7275 എന്ന നമ്പറിൽ പേ-ബൈ-ഫോൺ സേവനം പ്രയോജനപ്പെടുത്താം. കൂടാതെ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയും, വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയും 311 എന്ന നമ്പറിൽ വിളിച്ച് പണമടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. നാണയങ്ങൾ കൈവശമില്ലാത്തവർ ഇനി മുതൽ പാർക്കിങ്ങിനായി ഡിജിറ്റൽ സംവിധാനങ്ങളെയോ കാർഡുകളെയോ ആശ്രയിക്കേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.
