മുംബൈ: ചെറിയ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ച ആഭ്യന്തര ഓഹരി വിപണി താമസിയാതെ മികച്ച കുതിപ്പിലേക്ക് മാറി. നിഫ്റ്റി സൂചിക 24,510 പോയിന്റിലും സെന്‍സെക്സ് 79,040 പോയിന്റിലും എത്തിയപ്പോള്‍ ബാങ്ക് നിഫ്റ്റി 1.1 ശതമാനം നേട്ടം കൈവരിച്ചു. റിയല്‍റ്റി, മീഡിയ, എഫ്എംസിജി, ഓട്ടോമൊബൈല്‍, മെറ്റല്‍ തുടങ്ങിയ പ്രധാന മേഖലകളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വ്യക്തിഗത ഓഹരികളില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഗ്രോ, പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് എന്നിവ മികച്ച സാമ്പത്തിക ഫലങ്ങളുടെയും ബ്രോക്കറേജ് ശിപാര്‍ശകളുടെയും കരുത്തില്‍ നേട്ടമുണ്ടാക്കി. എന്നാല്‍ ലക്ഷ്യവില ഉയര്‍ത്തിയെങ്കിലും അള്‍ട്രാടെക് സിമന്റ് ഓഹരികള്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി.
അമേരിക്കന്‍ സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി ഇന്ത്യന്‍ കയറ്റുമതി കമ്പനികള്‍ക്ക് വലിയ ആശ്വാസമായി. മുന്‍പ് ട്രംപ് ഭരണകൂടം ചുമത്തിയ അധികത്തീരുവ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് തുക തിരിച്ചുനല്‍കാന്‍ തുടങ്ങിയത് വിപണിയില്‍ പ്രതിഫലിച്ചു. കിറ്റെക്സ് ഗാര്‍മെന്റ്സ്, ഗോകല്‍ദാസ് എക്സ്പോര്‍ട്സ്, വെല്‍സ്പണ്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ അഞ്ച് ശതമാനം വരെ ഉയര്‍ന്നു. കൂടാതെ, മികച്ച ലാഭ വളര്‍ച്ച പ്രകടമാക്കിയ നെല്‍കോ ലിമിറ്റഡ് ഓഹരികള്‍ 14 ശതമാനം വരെ കുതിച്ചുയര്‍ന്നു.

അതേസമയം, രൂപയുടെ മൂല്യത്തിലും സ്വര്‍ണ്ണവിലയിലും ഇന്ന് തളര്‍ച്ച ദൃശ്യമായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 93.36 ലേക്ക് ഇടിഞ്ഞു. റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതും പശ്ചിമേഷ്യന്‍ സാഹചര്യങ്ങളുമാണ് രൂപയെ ബാധിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,797 ഡോളറിലേക്ക് താഴ്ന്നു. എങ്കിലും കേരളത്തില്‍ പവന് വില 1,13,880 രൂപയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ക്രൂഡ് ഓയില്‍ വിലയിലും നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
