തൃശൂര്‍: തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ പൂരം നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം വ്യാഴാഴ്ച ചേരുന്ന യോഗത്തില്‍ കൈക്കൊള്ളുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. യോഗം വിളിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുക. പൂരത്തിന്റെ ആചാരങ്ങളും നിലവിലെ പ്രത്യേക സാഹചര്യവും പരിഗണിച്ചായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു.

അപകടസമയത്ത് വെടിക്കെട്ട് പുരയില്‍ ആകെ എത്രപേര്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ വിവരമില്ല. ആശുപത്രിയില്‍ എത്തിച്ച 14 പേര്‍ക്ക് പുറമെ, മൂന്നോളം പേര്‍ രക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അവിടെ ഉണ്ടായിരുന്നവരുടെ കൃത്യമായ എണ്ണം പറയാന്‍ അവര്‍ക്കും സാധിക്കുന്നില്ല. നിലവില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കുമുള്ള
ധനസഹായം പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
