കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ചരിത്രപരമായ നാഴികക്കല്ലായി പുതിയ സ്ഥാനപതി പരമിത ത്രിപാഠി ചുമതലയേറ്റു. കുവൈറ്റിലെ ഇന്ത്യയുടെ 20-ാമത് സ്ഥാനപതിയായി നിയമിതയായ അവര്‍, ഈ പദവിയിലെത്തുന്ന ആദ്യ വനിതയെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ഏപ്രില്‍ 21-ന് ബയാന്‍ കൊട്ടാരത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ കുവൈറ്റ് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് പാരാമിത ത്രിപാഠി ഔദ്യോഗിക പത്രിക സമര്‍പ്പിച്ചു. കൊട്ടാരത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിക്കൊണ്ടാണ് പുതിയ സ്ഥാനപതിയെ സ്വീകരിച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 65-ാം വാര്‍ഷിക വേളയിലാണ് ഈ പുതിയ നിയമനം എന്നത് ശ്രദ്ധേയമാണ്. വ്യാപാരം, ഊര്‍ജ്ജം, പ്രതിരോധം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുമെന്നും സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ശക്തമാക്കുമെന്നും സ്ഥാനപതി വ്യക്തമാക്കി.
കുവൈറ്റിലെ 10 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ കരുത്തുറ്റ പാലമാണെന്ന് അവര്‍ വിശേഷിപ്പിച്ചു. ഇന്ത്യന്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ആശംസകള്‍ അമീറിനെ അറിയിച്ച അവര്‍, പ്രവാസി സമൂഹത്തിന് കുവൈറ്റ് നല്കുന്ന പിന്തുണയ്ക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
