തൃശൂര്‍: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരപ്പന്തലിലുണ്ടായ സ്‌ഫോടനസ്ഥലത്ത് കഡാവര്‍ നായ്ക്കളെ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ മനുഷ്യശരീരഭാഗം കണ്ടെത്തി. ഇന്ന് രാവിലെ ആറുമണിയോടെ ആരംഭിച്ച വിദഗ്ധ പരിശോധനയ്ക്കിടെ സമീപത്തെ പാടശേഖരത്തുനിന്നാണ് കൈപ്പത്തിയുടേതെന്ന് കരുതുന്ന ഭാഗം കണ്ടെടുത്തത്. നായ്ക്കള്‍ തുടര്‍ച്ചയായി കുരച്ച് സൂചന നല്‍കിയതിനെത്തുടര്‍ന്ന് പോലീസും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ശരീരഭാഗങ്ങള്‍ ദൂരേക്ക് തെറിച്ചുപോയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് രണ്ട് കഡാവര്‍ നായ്ക്കളെ ഉപയോഗിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. നിലവില്‍ 13 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അപകടസമയത്ത് കൃത്യം എത്രപേര്‍ സ്ഥലത്തുണ്ടായിരുന്നു എന്നതില്‍ ഇപ്പോഴും വ്യക്തത വരാത്തതിനാല്‍, കൂടുതല്‍ മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടോ എന്ന് കണ്ടെത്താനാണ് ഇന്നത്തെ പരിശോധന ലക്ഷ്യമിടുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും ഫൊറന്‍സിക് സംഘത്തിന്റെ ശാസ്ത്രീയ പരിശോധനകളും അപകടസ്ഥലത്ത് തുടരുകയാണ്.
