Saturday, April 25, 2026

ബ്രിട്ടിഷ് കൊളംബിയ വെടിവെപ്പ്: മാപ്പപേക്ഷയുമായി സാം ആള്‍ട്ട്മാന്‍

വന്‍കൂവര്‍: ബ്രിട്ടിഷ് കൊളംബിയയിലുണ്ടായ വെടിവെയ്പ്പില്‍ മാപ്പപേക്ഷയുമായി ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍. കൊലയാളിയുടെ ഓണ്‍ലൈന്‍ നടപടികളെ കുറിച്ച് വിവരം നല്‍കാത്തതിനാണ് മാപ്പപേക്ഷ. വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് കൊലായാളിയെക്കുറിച്ചുളള വിവരങ്ങള്‍ യഥാസമയം പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കാത്തതില്‍ മാപ്പപേക്ഷിച്ചത്.

വെടിവെപ്പ് നടത്തിയയാളുടെ അക്കൗണ്ട് നിരോധിച്ച വിവരം അധികൃതരെ അറിയിക്കുന്നതില്‍ വന്ന വീഴ്ചയ്ക്കാണ് അദ്ദേഹം പരസ്യമായി മാപ്പപേക്ഷിച്ചത്. കഴിഞ്ഞ ഫെബ്രുവരി 10-ന് ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിയുടെ അമ്മയും സഹോദരനും ഉള്‍പ്പെടെയുള്ളവര്‍ അന്ന് കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് അക്രമിയുടെ അക്കൗണ്ട് ഓപ്പണ്‍ എ.ഐ ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ ഈ വിവരം റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിനെ അറിയിക്കേണ്ടതില്ലെന്നായിരുന്നു അന്ന് കമ്പനി എടുത്ത തീരുമാനം.

തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഈ പിശക് തിരുത്താനാവില്ലെന്ന് അറിയാമെന്നും കാനഡയിലെ സമൂഹത്തിനുണ്ടായ നഷ്ടത്തില്‍ പങ്കുചേരുന്നതായും സാം ആള്‍ട്ട്മാന്‍ വ്യക്തമാക്കി. ബ്രിട്ടിഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. അക്കൗണ്ടിലെ പ്രവര്‍ത്തനങ്ങള്‍ നിയമപാലകര്‍ക്ക് കൈമാറാനുള്ള പരിധിയില്‍ വരുന്നില്ലെന്ന തെറ്റായ വിലയിരുത്തലാണ് വിവരങ്ങള്‍ കൈമാറുന്നതില്‍ നിന്ന് കമ്പനിയെ പിന്നോട്ടുവലിച്ചതെന്ന് ഓപ്പണ്‍ എ.ഐ വിശദീകരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!