സാൻ ഫ്രാൻസിസ്കോ: യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ട് ഹോട്ടൽ ബുക്കിങ് സൗകര്യവുമായി ഊബർ. ഇനി മുതൽ ഊബർ ആപ്പിലൂടെ തന്നെ ഉപയോക്താക്കൾക്ക് ഹോട്ടലുകൾ ബുക്ക് ചെയ്യാം. എക്സ്പീഡിയ ഗ്രൂപ്പുമായി സഹകരിച്ചാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കുന്നത്. എക്സ്പീഡിയയുടെ 700,000-ത്തോളം ഹോട്ടലുകളും മറ്റ് താമസ സൗകര്യങ്ങളും ഊബർ ആപ്പിൽ ലഭ്യമാകും. ഈ വർഷം അവസാനത്തോടെ ‘Vrbo’ യുടെ 10 ലക്ഷത്തിലധികം വെക്കേഷൻ റെന്റലുകളും ഊബർ ആപ്പിൽ എത്തുമെന്ന് കമ്പനി വ്യക്തമാക്കി.
ഉപയോക്താക്കളുടെ സമയം ലാഭിക്കാനും, വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്ത ആപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും പുതിയ അപ്ഡേറ്റുകൾ സഹായിക്കുമെന്ന് ഊബർ ചീഫ് പ്രൊഡക്റ്റ് ഓഫീസർ സച്ചിൻ കൻസാൽ അഭിപ്രായപ്പെട്ടു. ഹോട്ടൽ ബുക്കിങ്ങിന് പുറമെ, യാത്രക്കാർക്ക് സന്ദർശിക്കുന്ന നഗരങ്ങളിലെ ഭക്ഷണശാലകൾ കണ്ടെത്താനും, ഓപ്പൺ ടേബിൾ വഴി ടേബിൾ ബുക്ക് ചെയ്യാനുമുള്ള സംവിധാനവും ഉടൻ വരുന്നുണ്ട്. കൂടാതെ, പ്രീമിയം ഊബർ ബ്ലാക്ക് വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ലഘുഭക്ഷണങ്ങളും പാനീയങ്ങളും മുൻകൂട്ടി ഓർഡർ ചെയ്യാനുള്ള സൗകര്യവും വരും ആഴ്ചകളിൽ അമേരിക്കയിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ആരംഭിക്കും.

ഊബർ വൺ (Uber One) അംഗങ്ങൾക്ക് ഹോട്ടൽ ബുക്കിങ്ങിൽ ആകർഷകമായ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 9.99 ഡോളർ പ്രതിമാസ വരിസംഖ്യയുള്ള അംഗങ്ങൾക്ക് 10,000 ഹോട്ടലുകളിൽ 20% കിഴിവും ഊബർ യാത്രകൾക്കായി 10% ക്രെഡിറ്റുകളും ലഭിക്കും. പ്രതിവർഷം 10 കോടിയിലധികം പേർ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാൻ ഊബർ ഉപയോഗിക്കുന്നതിനാൽ, ഈ പുതിയ സേവനങ്ങൾ കമ്പനിയുടെ വളർച്ചയിൽ വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ.
