Thursday, May 7, 2026

ഫ്ലാറ്റ് ബ്രെഡിനുള്ളിൽ ഒളിപ്പിച്ചത് 250 കിലോ കൊക്കെയ്ൻ; ഹാലിഫാക്സിൽ വൻ മയക്കുമരുന്ന് വേട്ട, 3 പേർ പിടിയിൽ

ഹാലിഫാക്സ്: ഹാലിഫാക്സ് തുറമുഖത്തെത്തിയ ഷിപ്പിങ് കണ്ടെയ്നറിൽ നിന്ന് 250 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA). ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുമെത്തിയ ചരക്ക് കപ്പലിൽ മാർച്ച് 3-നാണ് പരിശോധന നടന്നത്. എക്സ്-റേ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ 1,178 പാക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. വിപണിയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.

അത്യന്തം വിദഗ്ദ്ധമായ രീതിയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. കാർബൺ പേപ്പറിൽ പൊതിഞ്ഞ മയക്കുമരുന്ന് പാക്കറ്റുകൾ ഫ്ലാറ്റ് ബ്രെഡിന് ഉള്ളിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇത് കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചു. അന്താരാഷ്ട്ര സംഘടിത കുറ്റവാളി സംഘമാണ് ഇതിന് പിന്നിലെന്ന് സി.ബി.എസ്.എ വ്യക്തമാക്കി. ആകെ 248.7 കിലോഗ്രാം കൊക്കെയ്നാണ് ഈ രീതിയിൽ കടത്താൻ ശ്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മൺട്രിയോൾ സ്വദേശിയായ പീറ്റർ പോംപിയോ (58), ഒന്റാരിയോ സ്വദേശികളായ ടെയ്ലർ ബിക്സ്ബി (35), സക്കറി ഡാനിയൽ അർദിസി (33) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് ഇറക്കുമതി ചെയ്യുക, ഗൂഢാലോചന നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ മെയ് 13-ന് ഒന്റാരിയോയിലെ ന്യൂമാർക്കറ്റ് കോടതിയിൽ ഹാജരാക്കും. മയക്കുമരുന്ന് കടത്തിന് പിന്നിലെ കൂടുതൽ കണ്ണികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!