ഹാലിഫാക്സ്: നോവസ്കോഷയിലെ എണ്ണ-വാതക പര്യവേഷണത്തിന് പുതിയ ഫെഡറൽ നേതൃത്വം വലിയ കരുത്താകുമെന്ന് പ്രീമിയർ ടിം ഹൂസ്റ്റൺ. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഫോസിൽ ഇന്ധന പദ്ധതികളെ എതിർത്തിരുന്നുവെന്നും എന്നാൽ നിലവിലെ പ്രധാനമന്ത്രി മാർക്ക് കാർണി പ്രവിശ്യയുടെ സാമ്പത്തിക വളർച്ചയ്ക്കായി വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓഫ്‌ഷോർ വിൻഡ് എനർജി പദ്ധതി ചർച്ച ചെയ്യണമെങ്കിൽ എണ്ണ-വാതക പര്യവേഷണം ഉപേക്ഷിക്കണമെന്ന് ട്രൂഡോ മുൻപ് സമ്മർദ്ദം ചെലുത്തിയിരുന്നതായും ഹൂസ്റ്റൺ ആരോപിച്ചു.
ബ്രിട്ടൻ ആസ്ഥാനമായുള്ള ഇൻസെപ്ഷിയോ ഓയിൽ ആൻഡ് ഗ്യാസ് ലിമിറ്റഡിന്റെ 210 മില്യൺ ഡോളറിന്റെ പര്യവേഷണ ബിഡിന് ഫെഡറൽ-പ്രൊവിൻഷ്യൽ റെഗുലേറ്ററുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിലാണ് പ്രീമിയറുടെ പ്രതികരണം. ട്രൂഡോയുടെ കാലത്ത് ഈ കമ്പനിയുടെ ബിഡ് തള്ളിക്കളയാൻ നോവസ്കോഷ നിർബന്ധിതമായിരുന്നു. എന്നാൽ രാഷ്ട്രീയ അന്തരീക്ഷം മാറിയെന്നും പുതിയ പ്രധാനമന്ത്രിയും ഊർജ്ജ മന്ത്രിയും സാമ്പത്തിക വികസനത്തിന് പ്രാധാന്യം നൽകുന്നുണ്ടെന്നും ഹൂസ്റ്റൺ വ്യക്തമാക്കി. ഫ്രാക്കിങ്, യുറേനിയം ഖനനം എന്നിവയ്ക്കുള്ള നിരോധനം നീക്കിയതിലൂടെ നിക്ഷേപകർക്ക് പ്രവിശ്യയിലുള്ള വിശ്വാസം വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

അതേസമയം, പ്രീമിയറുടെ ആരോപണങ്ങൾ പ്രതിപക്ഷ നേതാക്കൾ തള്ളി. ഹൂസ്റ്റൺ എപ്പോഴും ഒരു ശത്രുവിനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് എൻഡിപി നേതാവ് ക്ലോഡിയ ചെൻഡർ വിമർശിച്ചപ്പോൾ, എണ്ണവില വർദ്ധിച്ചതാണ് പര്യവേഷണത്തിൽ താൽപ്പര്യമുണ്ടാകാൻ കാരണമെന്ന് ലിബറൽ നേതാവ് ഇയാൻ റാങ്കിൻ ചൂണ്ടിക്കാട്ടി. 60 ബില്യൺ ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന ‘വിൻഡ് വെസ്റ്റ്’ എന്ന വൻകിട കാറ്റാടി ഊർജ്ജ പദ്ധതിക്കും മാർക്ക് കാർണി പിന്തുണ നൽകുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
