Saturday, May 9, 2026

മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്; കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ഔദ്യോഗികമായി ആവശ്യപ്പെടാനാണ് ലീഗിന്റെ തീരുമാനം. ഇതിനായി പി.കെ. കുഞ്ഞാലിക്കുട്ടി ഉച്ചയോടെ തിരുവനന്തപുരത്തെത്തും. യുഡിഎഫിന്റെ മിന്നുന്ന വിജയത്തിന് പിന്നില്‍ സതീശന്റെ അധ്വാനമുണ്ടെന്നും ജനവികാരം അദ്ദേഹത്തിന് അനുകൂലമാണെന്നും ലീഗ് നേതൃത്വം എഐസിസി നിരീക്ഷകരെ ബോധ്യപ്പെടുത്തും. പി.എം.എ. സലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതിനായുള്ള ചര്‍ച്ചകള്‍ക്കായി തലസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ ഘടകകക്ഷികളുടെ അഭിപ്രായം കൂടി തേടാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതോടെയാണ് ലീഗ് തങ്ങളുടെ നിലപാട് പരസ്യമാക്കിയത്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമായതിനാല്‍ ഇതുവരെ സംയമനം പാലിച്ചിരുന്ന ലീഗ്, ഇപ്പോള്‍ കൃത്യമായ രാഷ്ട്രീയ നീക്കത്തിലാണ്. ഇന്ന് വൈകീട്ട് ഇന്ദിരാഭവനില്‍ വെച്ച് ഹൈക്കമാന്‍ഡ് നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവരുമായി ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. ഓരോ എംഎല്‍എമാരെയും വെവ്വേറെ കണ്ട് അഭിപ്രായം എഴുതി വാങ്ങാനാണ് നിരീക്ഷകരുടെ തീരുമാനം.

അതേസമയം, കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം മുറുകുകയാണ്. ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ തനിക്കുണ്ടെന്ന് കെ.സി. വേണുഗോപാല്‍ അവകാശപ്പെടുമ്പോള്‍, സീനിയോരിറ്റിയാണ് രമേശ് ചെന്നിത്തല ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍, സാധാരണ പ്രവര്‍ത്തകരും ജനങ്ങളും തനിക്കൊപ്പമാണെന്ന വിശ്വാസത്തിലാണ് വി.ഡി. സതീശന്‍. എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയില്‍ ദീപാ ദാസ് മുന്‍ഷിയുടെ സാന്നിധ്യം ഒഴിവാക്കണമെന്ന് സതീശന്‍ പക്ഷം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടത് ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ചൂടേകിയിട്ടുണ്ട്. നിരീക്ഷകര്‍ ഇന്ന് തന്നെ ഡല്‍ഹിക്ക് മടങ്ങി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!