ഓട്ടവ: ആമസോണിന്റെ കനേഡിയൻ വെബ്സൈറ്റ് വഴി വിൽപ്പന നടത്തിയ കുഞ്ഞുങ്ങൾക്കായുള്ള ‘സെൽഫ് ഫീഡിംഗ്’ ഉപകരണങ്ങൾ അവരുടെ ജീവന് തന്നെ ഗുരുതരമായ ഭീഷണിയെന്ന് ഹെൽത്ത് കാനഡയുടെ മുന്നറിയിപ്പ്. ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളിൽ ശ്വാസതടസ്സത്തിനും മരണത്തിനും വരെ കാരണമായേക്കാമെന്നാണ് വാർത്താക്കുറിപ്പ്. ഇത് വാങ്ങിയവർ ഇത് ഉടൻ ഉപയോഗിക്കുന്നത് നിർത്തണം.ചൈനീസ് നിർമ്മിതമായ ഈ ഉൽപ്പന്നങ്ങൾ ഉപയോഗശൂന്യമാക്കണമെന്നാണ് കർശന നിർദ്ദേശം. കുഞ്ഞുങ്ങൾക്ക് സ്വയം പാൽ കുടിക്കാൻ സഹായിക്കുന്നവയാണ് ഈ ഉപകരണങ്ങൾ. പ്രത്യേക രീതിയിലാണ് കുപ്പികൾ നിറുത്തുന്നത്. എന്നാൽ, കുഞ്ഞുങ്ങൾക്ക് പാലിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ കഴിയാതെ വരുന്നത് ശ്വാസകോശത്തിലേക്ക് ദ്രാവകം എത്തുന്നതിനും ശ്വാസം മുട്ടുന്നതിനും ഇടയാക്കും. ‘കാനഡ കൺസ്യൂമർ പ്രോഡക്റ്റ് സേഫ്റ്റി ആക്ട്’ പ്രകാരം ഇത്തരം ഉപകരണങ്ങൾ രാജ്യത്ത് നേരത്തെ തന്നെ നിരോധിച്ചതാണ്. ഇവ വിൽക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ പരസ്യം ചെയ്യുന്നതോ നിയമവിരുദ്ധമാണെന്നും അറിയിപ്പിൽ പറയുന്നു.കാനഡയിൽ ആമസോൺ വഴി ഏകദേശം 545 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടതായാണ് റിപ്പോർട്ട്. താഴെ പറയുന്ന ASIN (Amazon Standard Identification Number) നമ്പറുകളിലുള്ള ഉൽപ്പന്നങ്ങളാണ് പ്രധാനമായും പിൻവലിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്:

Bottle Holder for Self Feeding (B0FTG6PND1)
Adjustable Feeding Pillow and Plush Bottle Support (B0G6X7N21T, B0G66HM4P2)
Feeding Pillow for Newborns (B0FP4MTKW1)
Bottle Holder Pillow (B0FXGPT354)
കുഞ്ഞുങ്ങൾക്ക് മുലപ്പാലോ കുപ്പിപ്പാലോ നൽകുന്നത് മുതിർന്നവരുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ വേണമെന്നും ഹെൽത്ത് കാനഡയും മെഡിക്കൽ അസോസിയേഷനുകളും ചൂണ്ടിക്കാട്ടി. കൃത്യമായ ഇടവേളകളിൽ കുഞ്ഞുങ്ങളെ തട്ടി തടവി ഗ്യാസ് പുറത്തുകളയണം. നിലവിൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് നടപടി. ചൈനയിൽ നിന്നുള്ള ഇത്തരം ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വാങ്ങുമ്പോൾ ഉപഭോക്താക്കൾ അതീവ ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകി.
