ഓട്ടവ: കാനഡയിലെ പ്രവിശ്യകൾക്കിടയിലുള്ള വ്യാപാര നിയന്ത്രണങ്ങൾ ഒഴിവാക്കിയാൽ രാജ്യത്തിന്റെ വൈൻ മേഖലയിൽ നിന്ന് സമ്പദ്‌വ്യവസ്ഥയ്ക്ക് കോടിക്കണക്കിന് ഡോളറിന്റെ അധിക നേട്ടമുണ്ടാകുമെന്ന് പുതിയ റിപ്പോർട്ട് . നിലവിൽ 10.1 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ വൈൻ വ്യവസായം, ഇറക്കുമതി കുറച്ച് തദ്ദേശീയ ഉൽപ്പാദനം കൂട്ടുന്നതിലൂടെ 13.7 ബില്യൺ ഡോളറായി ഉയർത്താൻ സാധിക്കും.
മറ്റ് പ്രവിശ്യകളിലെ വൈൻ നിർമ്മാതാക്കളിൽ നിന്ന് ഉപഭോക്താക്കൾക്ക് നേരിട്ട് ഓർഡർ ചെയ്ത് വാങ്ങാൻ നിലവിൽ കാനഡയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും നിയമപരമായ തടസ്സങ്ങളുണ്ട്. ബ്രിട്ടFഷ് കൊളംബിയ, മാനിറ്റോബ, നോവസ്കോഷ എന്നീ മൂന്ന് പ്രവിശ്യകളിൽ മാത്രമാണ് ഇതിന് പൂർണ്ണ അനുമതിയുള്ളത്. ഈ നിയന്ത്രണം ചെറുകിട വൈൻ വ്യാപാരികൾക്ക് വലിയ ബിസിനസ്സ് നഷ്ടമുണ്ടാക്കുന്നുവെന്ന് വ്യവസായ പ്രമുഖർ ചൂണ്ടിക്കണക്കുന്നു.

അമേരിക്കയെയും ഫ്രാൻസിനെയും അപേക്ഷിച്ച് കാനഡയിൽ ഈടാക്കുന്ന ഉയർന്ന എക്സൈസ് നികുതി തദ്ദേശീയ വൈനുകളുടെ വില വർധിപ്പിക്കുന്ന മറ്റൊരു വെല്ലുവിളിയാണ്. ഈ നികുതി ഭാരം കുറയ്ക്കുകയും പ്രവിശ്യകൾക്കിടയിലുള്ള വ്യാപാരം സുഗമമാക്കുകയും ചെയ്താൽ വൈൻ മേഖലയ്ക്കും ഒപ്പം ടൂറിസം, ഷിപ്പിംഗ് തുടങ്ങിയ അനുബന്ധ വ്യവസായങ്ങൾക്കും വലിയ വളർച്ചയുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
