തിരുവനന്തപുരം: വി ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന വേദിയില്‍ ശ്രദ്ധേയമായി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം. ഭരണ-പ്രതിപക്ഷ നേതാക്കളെ ഒരേ വേദിയിലിരുത്തി ജനാധിപത്യത്തിന്റെ ഉദാത്തമായ മാതൃക കാഴ്ചവെച്ച സവിശേഷമായ ചടങ്ങായി മാറി ഇത്തവണത്തെ സത്യപ്രതിജ്ഞ. അടുത്തകാലത്തൊന്നും കേരളം സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വിധം പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ട് വേദി ശ്രദ്ധേയമായി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും പ്രതിനിധികളും വേദിയില്‍ സന്നിഹിതരായിരുന്നു.
ദേശീയ-സംസ്ഥാന തലങ്ങളിലെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സമുന്നത നേതാക്കളുടെ വന്‍ നിര തന്നെയാണ് ചടങ്ങിനെത്തിയത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി എംപി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയ പ്രമുഖ യുഡിഎഫ് നേതാക്കളും പുതിയ മന്ത്രിസഭയ്ക്ക് ആശംസകളുമായി വേദി പങ്കിട്ടു.

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. സ്റ്റേഡിയത്തിനകത്തും പുറത്തും വന്‍ ജനക്കൂട്ടമാണ് ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയത്.
