Wednesday, May 20, 2026

സ്റ്റീൽ ഇറക്കുമതിയിൽ വ്യാപക നികുതി വെട്ടിപ്പ്; യുഎസിന് 19 മില്യൺ ഡോളർ നൽകാൻ കനേഡിയൻ കമ്പനികൾ

വാഷിങ്ടൺ: യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത ഫ്ലാറ്റ്-റോൾഡ് സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് കൃത്യമായ കസ്റ്റംസ് തീരുവ നൽകാതെ വഞ്ചിച്ചെന്ന പരാതി പരിഹരിക്കാൻ രണ്ട് കനേഡിയൻ സ്റ്റീൽ കമ്പനികൾ 19 മില്യൺ ഡോളർ പിഴയൊടുക്കാൻ സമ്മതിച്ചതായി യു.എസ് നീതിന്യായ വകുപ്പ്. Farjess Inc., റോയൽ കനേഡിയൻ സ്റ്റീൽ ഇൻക് എന്നീ കമ്പനികളും ഇവയുടെ സഹഉടമയും പ്രസിഡന്റുമായ ഫിറോസ് ജെസ്സാനിയുമാണ് തുക നൽകുക. ഈ കമ്പനികൾ ബോധപൂർവ്വം നികുതി വെട്ടിച്ചെന്ന ആരോപണം ഇതോടെ ഒത്തുതീർപ്പായതായി മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

2019 മെയ് മുതൽ 2025 ജനുവരി വരെയുള്ള കാലയളവിൽ, ഈ കമ്പനികൾ ഇറക്കുമതി ചെയ്ത സ്റ്റീൽ ഉൽപ്പന്നങ്ങളുടെ ഉത്ഭവ രാജ്യം കാനഡയോ അമേരിക്കയോ ആണെന്ന് വ്യാജമായി രേഖപ്പെടുത്തിയെന്നാണ് യു.എസ് നീതിന്യായ വകുപ്പ് വ്യക്തമാക്കുന്നത്. എന്നാൽ ഈ സ്റ്റീൽ ഉൽപ്പന്നങ്ങൾ ചൈന, ഇന്തോനേഷ്യ, ഇറ്റലി, തുർക്കി, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ളതാണെന്ന് കമ്പനികൾക്ക് കൃത്യമായി അറിയാമായിരുന്നു. യു.എസ്-കാനഡ-മെക്സിക്കോ വ്യാപാര കരാറിന്റെ പരിധിയിൽ വരുന്ന സ്റ്റീൽ ഇറക്കുമതിക്ക് ഈ കാലയളവിൽ ഭൂരിഭാഗം സമയത്തും പ്രത്യേക തീരുവ നൽകേണ്ടതില്ലായിരുന്നു. ഈ ആനുകൂല്യം ദുരുപയോഗം ചെയ്യാനാണ് കമ്പനികൾ ഉത്ഭവ രാജ്യം തെറ്റായി കാണിച്ചത്.

ഇതിനുപിന്നാലെ, 2025 ഫെബ്രുവരിയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്റ്റീൽ ഇറക്കുമതിക്ക് 25 ശതമാനം നികുതി ചുമത്തുകയും പിന്നീട് അത് 50 ശതമാനമായി ഉയർത്തുകയും ചെയ്തിരുന്നു. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ ഉൽപ്പന്നങ്ങളുടെ നികുതി വ്യാജരേഖകളിലൂടെ വെട്ടിക്കാൻ ശ്രമിക്കുന്ന ആർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് യു.എസ് അസിസ്റ്റന്റ് അറ്റോർണി ജനറൽ ബ്രെറ്റ് എ. ഷുമേറ്റ് മുന്നറിയിപ്പ് നൽകി. രാജ്യത്തിന് ലഭിക്കേണ്ട നികുതിപ്പണം തട്ടിയെടുക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ മന്ത്രാലയം ശക്തമായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!