Wednesday, May 20, 2026

ആഫ്രിക്കയിൽ നിന്നെത്തിയ വ്യക്തിക്ക് എബോള ബാധയെന്ന് സംശയം; കനത്ത ജാഗ്രതയുമായി ഒന്റാരിയോ

ടൊറന്റോ: കിഴക്കൻ ആഫ്രിക്കയിൽ നിന്ന് അടുത്തിടെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒരാൾക്ക് എബോള രോഗബാധയുണ്ടോ എന്ന് പരിശോധിക്കുന്നതായി ഒന്റാരിയോ ആശുപത്രി അധികൃതർ. കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ പടരുന്ന അപൂർവയിനം എബോള വൈറസ് ബാധയാണോ ഇതെന്ന് കണ്ടെത്താനാണ് പരിശോധന നടക്കുന്നത്. നിലവിൽ ഒന്റാരിയോയിൽ എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും കടുത്ത മുൻകരുതലിന്റെ ഭാഗമായാണ് ആശുപത്രിയിൽ എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയും പരിശോധനകൾ നടത്തുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ കോംഗോയിൽ 2,300-ഓളം കനേഡിയൻ പൗരന്മാരും ഉഗാണ്ടയിൽ 1,300-ഓളം പേരും താമസിക്കുന്നുണ്ട്. ഇവർക്ക് ആവശ്യമെങ്കിൽ അടിയന്തര സഹായം നൽകാൻ ഉദ്യോഗസ്ഥർ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് പറഞ്ഞു. ആഫ്രിക്കയിൽ ഇപ്പോൾ പടരുന്ന ‘ബുന്ദിബുഗ്യോ’ എന്ന എബോള വകഭേദത്തിന് നിലവിൽ വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ല. അതിനാൽ രോഗബാധ രൂക്ഷമായ പ്രദേശങ്ങളിലേക്ക് കനേഡിയൻ പൗരന്മാർ യാത്ര ചെയ്യരുതെന്ന് സർക്കാർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം കിഴക്കൻ ആഫ്രിക്കയിൽ എബോള ബാധിച്ചതായി സംശയിക്കുന്ന 600 ഓളം കേസുകളും 139 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ രോഗവ്യാപനത്തിന്റെ യഥാർത്ഥ തോത് ഇതിലും വളരെ വലുതാണെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകി. കാനഡയിലെ ആശുപത്രികളിൽ രോഗിക്ക് ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും രോഗനിയന്ത്രണ മാർഗ്ഗങ്ങളും പൂർണ്ണമായി ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!