ബ്രാംപ്ടൺ: ഒന്റാറിയോയിലെ പ്രമുഖ ട്രക്കിങ് കമ്പനികളിലൊന്നായ ലയൺ ഫോഴ്‌സ് ട്രാൻസ്‌പോർട്ടിനെ ഒന്റാറിയോ കോടതി റിസീവർഷിപ്പിലാക്കി. കമ്പനികൾക്കായുള്ള ക്രെഡിറ്റേഴ്‌സ് അറേഞ്ച്‌മെന്റ് ആക്ട് (സിസിഎഎ) പ്രകാരം പുനഃസംവിധാനം നടത്താനുള്ള കമ്പനിയുടെ ശ്രമം ഒന്റാറിയോ ജസ്റ്റിസ് എഫ്.എൽ. മയേഴ്‌സ് വെള്ളിയാഴ്ച തള്ളിക്കളഞ്ഞു. കമ്പനി കോടതിയിലേക്ക് വന്നത് “വളരെ വൈകി” എന്ന് വിമർശിച്ച ജഡ്ജി, റോയൽ ബാങ്ക് ഓഫ് കാനഡയുടെ (ആർബിസി) അപേക്ഷ അംഗീകരിച്ച് ഫുള്ളർ ലാൻഡൗ ഗ്രൂപ്പിനെ റിസീവറായി നിയമിക്കുകയായിരുന്നു. ഇതോടെ ബ്രാംപ്ടൺ ആസ്ഥാനമായുള്ള ലയൺ ഫോഴ്‌സ് ട്രാൻസ്‌പോർട്ട് ആന്റ് റിലേറ്റഡ് എന്റിറ്റികൾക്ക് മേൽ റിസീവർഷിപ്പ് നിലവിൽ വന്നു.
ഡ്രൈവർമാർക്കും കാരിയർമാർക്കും ശമ്പളം നൽകാത്തത്, 5 ലക്ഷത്തിലധികം പ്രോപ്പർട്ടി ടാക്സ് ബാക്കി, 6 ലക്ഷത്തിലധികം ഡബ്ല്യുഎസ്ഐബി (WSIB) ഗാർണിഷ്‌മെന്റ്, ഇൻഷുറൻസ് പ്രശ്നങ്ങൾ, കാനഡ, അമേരിക്ക, മെക്സിക്കോ എന്നിവിടങ്ങളിലായി ക്രെഡിറ്റേഴ്‌സ് ആസ്തികൾ പിടിച്ചെടുക്കാൻ ശ്രമിക്കുന്നത് തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജഡ്ജി മയേഴ്‌സ് ഈ കടുത്ത തീരുമാനമെടുത്തത്. ഇൻഷുറൻസ് നഷ്ടപ്പെടുകയും, ഫ്യൂവൽ സപ്ലയർക്ക് കുടിശ്ശിക വരുകയും, റെഗുലേറ്റർ ഗാർണിഷ്‌മെന്റ് നടപ്പാക്കുകയും, അരലക്ഷം ഡോളർ പ്രോപ്പർട്ടി ടാക്സ് ബാക്കിയുണ്ടാവുകയും, ജീവനക്കാർക്കും കോൺട്രാക്ടർമാർക്കും പേയ്‌മെന്റ് നൽകാതിരിക്കുകയും ചെയ്യുന്ന ഒരു ട്രക്കിങ് ബിസിനസ് ആയി ഇത് മാറിയിരിക്കുന്നു എന്ന് ജഡ്ജി നിരീക്ഷിച്ചു.
ഒരുകാലത്ത് 200-ലധികം ട്രക്കുകളുണ്ടായിരുന്ന കമ്പനിയുടെ ഫ്ലീറ്റ് ഇപ്പോൾ കാനഡയിൽ 100-ലധികവും അമേരിക്കയിൽ 40-50-ഉം ആയി ചുരുങ്ങിയതായി കമ്പനി സഹ-ഉടമസ്ഥൻ ഹാരി ഹുണ്ടാൽ പറഞ്ഞു. കോടതി രേഖകൾ പ്രകാരം ആർബിസിക്ക് ഏകദേശം 53 മില്യൺ ഡോളർ ലഭിക്കേണ്ടതുണ്ട്. ബ്രാംപ്ടൺ ആസ്ഥാനവും മറ്റ് ആസ്തികളും ബാങ്ക് കണ്ട് കെട്ടി. കമ്പനി 2024 മുതൽ ഡിഫോൾട്ടിലാണെന്നും, 2025 ഫെബ്രുവരി മുതൽ നിരവധി ഫോർബിയറൻസ് കരാറുകൾ ലംഘിച്ചതായും ബാങ്ക് ആരോപിച്ചു. 10 ദിവസത്തെ സിസിഎഎ സ്റ്റേയോടെ ആസ്തി വിൽപ്പന നടത്തിയും സ്വത്ത് വിറ്റ് ലീസ്‌ബാക്ക് ക്രമത്തിലും പ്രവർത്തനം തുടരാമെന്ന് കമ്പനി വാദിച്ചെങ്കിലും ഈ പദ്ധതി വെറും ശുഭാപ്തിവിശ്വാസ നിഗമനങ്ങളെ ആശ്രയിച്ചിരിക്കുന്നതാണെന്ന് പറഞ്ഞ് കോടതി തള്ളി.

റിസീവർഷിപ്പ് നടപ്പാക്കിയതിന് പിന്നാലെ ഹാരി ഹുണ്ടാൽ കടുത്ത നിരാശ പ്രകടിപ്പിച്ചു. യാർഡുകൾ ഉടൻ ലോക്ക് ചെയ്തത് ഉപഭോക്തൃ ഫ്രൈറ്റ് തടസ്സപ്പെടുത്തിയെന്നും ലോഡഡ് ട്രെയിലറുകൾ അകത്ത് കുടുങ്ങി ഡ്രൈവർമാരും ജീവനക്കാരും പരിഭ്രാന്തിയിലായെന്നും അദ്ദേഹം പറഞ്ഞു. വുഡ്‌സ്റ്റോക്ക് സ്വത്ത് വിറ്റ 14 ലക്ഷം ഡോളർ ഡ്രൈവർമാർക്ക് നൽകാൻ ഉദ്ദേശിച്ചിരുന്നെങ്കിലും ആർബിസി തടഞ്ഞതായി അദ്ദേഹം ആരോപിച്ചു. യുഎസ് ടാരിഫുകൾ ഓട്ടോമോട്ടീവ് വ്യവസായത്തെ ബാധിച്ചതും വിപണിയിലെ തകർച്ചയുമാണ് പ്രതിസന്ധിക്ക് കാരണമായത്. ഉയർന്ന സ്റ്റാൻഡേഡോടെ പ്രവർത്തിച്ചിട്ടും കമ്പനി നഷ്ടപ്പെടുന്നതിലും, ജീവനക്കാർക്കും ഡ്രൈവർമാർക്കും ആദ്യം പേയ് ചെയ്യാൻ കഴിയാത്തതിലും വേദനയുണ്ടെന്നും ഹുണ്ടാൽ വ്യക്തമാക്കി.
