ഓട്ടവ: കാനഡയിലെ ലിബറൽ പാർട്ടി സർക്കാരിന്റെ പുതിയ പരിസ്ഥിതി നയങ്ങളിലും വിട്ടുവീഴ്ചകളിലും അതൃപ്തി രേഖപ്പെടുത്തി 14 ഭരണകക്ഷി എംപിമാർ രംഗത്ത്. പ്രധാനമന്ത്രി മാർക്ക് കാർണിയുടെപരിസ്ഥിതി സംരക്ഷണ നയങ്ങളിലെ പിന്നോട്ടുപോക്കിൽ ആശങ്കയറിയിച്ച് എംപിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. ആൽബർട്ട പ്രവിശ്യയുമായി ഒപ്പുവെച്ച വിവാദമായ പുതിയ പൈപ്പ്‌ലൈൻ കരാറിന് തൊട്ടുമുമ്പ്, കഴിഞ്ഞ ഏപ്രിൽ അവസാന വാരമാണ് കത്ത് നൽകിയതെന്നാണ് വിവരം. കത്തിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും, ഈ 14 എംപിമാരും തങ്ങളുടെ പേരുകൾ പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. സർക്കാരുമായി സൗഹാർദ്ദപരവും പുരോഗമനപരവുമായ രു ചർച്ചയ്ക്കാണ് തങ്ങൾ ശ്രമിക്കുന്നതെന്നാണ് ഇവരുടെ നിലപാട്. കെബെക്ക്, ബ്രിട്ടീഷ് കൊളംബിയ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എംപിമാരാണ് ഈ കൂട്ടായ്മയിലുള്ളത്. സർക്കാരിന്റെ നിലപാടുകളിൽ തങ്ങൾ അതീവ ആശങ്കാകുലരാണെന്നും കാർണിയുടെ പുതിയ നീക്കങ്ങൾ സർക്കാരിന്റെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുമെന്നും റേഡിയോ-കാനഡയ്ക്ക് ലഭിച്ച കത്തിന്റെ പകർപ്പിൽ എംപിമാർ വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് ഓർമ്മിപ്പിച്ച എംപിമാർ, ആൽബർട്ടയ്ക്ക് ഇളവുകൾ നൽകുമ്പോഴും ‘ക്ലീൻ ഇലക്ട്രിസിറ്റി റെഗുലേഷൻസ്’ ശക്തമായി പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും പുതിയ കരാറിൽ ഒപ്പുവെച്ചത്. 2027 സെപ്റ്റംബറോടെ പടിഞ്ഞാറൻ തീരത്തേക്ക് പുതിയ എണ്ണ പൈപ്പ്‌ലൈൻ നിർമ്മാണം ആരംഭിക്കാൻ അനുമതി നൽകുന്നതാണ് ഈ കരാർ. കൂടാതെ വ്യവസായ കാർബൺ നികുതി നേരത്തെ നിശ്ചയിച്ചതിലും പതുക്കയേ വർദ്ധിപ്പിക്കൂ എന്നും കരാറിലുണ്ട്.

പൈപ്പ്‌ലൈൻ ഉൾപ്പെടെയുള്ള വൻകിട ഊർജ്ജ പദ്ധതികൾക്ക് ഒരു വർഷത്തിനകം അനുമതി നൽകാൻ ലക്ഷ്യമിട്ടുള്ള നിയമഭേദഗതികളും സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ഭരണകക്ഷിയിൽ ഈ നയങ്ങൾക്കെതിരെ പരസ്യമായി രംഗത്തുവന്ന ഏക പ്രമുഖ നേതാവ് മുൻ പരിസ്ഥിതി മന്ത്രി സ്റ്റീവൻ ഗിൽബോൾട്ട് മാത്രമാണ്. പുതിയ നിയമഭേദഗതികൾ രാജ്യത്തെ പതിറ്റാണ്ടുകൾ പിന്നോട്ട് നയിക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. കഴിഞ്ഞ വർഷം കാർണിയും ആൽബർട്ടയും തമ്മിൽ പ്രാഥമിക ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെ ഗിൽബോൾട്ട് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരുന്നു. ഇതിനിടെ, പാർലമെന്റിന്റെ വേനൽക്കാല അവധിക്ക് മുമ്പുള്ള ഏതാനും ആഴ്ചകൾ ഉപയോഗിച്ച് അതൃപ്തരായ ലിബറൽ എംപിമാരെ കൊണ്ട് പരസ്യമായി പ്രതികരണം നടത്തുന്നതിനാണ് പ്രതിപക്ഷ കക്ഷിയായ ബ്ലോക്ക് ക്യൂബെക്കോയിസിന്റെ നീക്കം. എണ്ണ-വാതക കമ്പനികളുടെ അജണ്ട നടപ്പാക്കാനല്ല, ലിബറൽ സർക്കാർ തിരഞ്ഞെടുക്കപ്പെട്ടത് എന്ന് തുറന്നുപറയാൻ കൂടുതൽ എംപിമാർ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി എന്ന് ബ്ലോക്ക് ക്യൂബെക്കോയിസിന്റെ പരിസ്ഥിതിവിഭാഗം വിമർശകൻ പാട്രിക് ബോനിൻ പറഞ്ഞു. അതേ സമയം വിഷയത്തിൽ പ്രതികരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ തയ്യാറായിട്ടില്ല.
