ന്യൂഡല്‍ഹി: രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി ഒഴിവ് വരുന്ന 26 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ജൂണ്‍ 18-നാണ് വോട്ടെടുപ്പും ഉപതെരഞ്ഞെടുപ്പും നടക്കുക. 10 സംസ്ഥാനങ്ങളിലെ 24 സീറ്റുകളിലേക്ക് പതിവ് ദ്വിവത്സര തെരഞ്ഞെടുപ്പും, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പുമാണ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ സുനേത്ര അജിത് പവാര്‍ രാജിവെച്ച ഒഴിവിലേക്കും തമിഴ്നാട്ടില്‍ സി.വി. ഷണ്‍മുഖത്തിന്റെ സീറ്റിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇത്തവണ കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്നവരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജെ.ഡി.എസ്. മേധാവിയും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ, അരുണാചല്‍ പ്രദേശില്‍ നിന്നുള്ള നബാം റെബിയ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടുന്നു. സംസ്ഥാനങ്ങള്‍ തിരിച്ചുളള കണക്കുകള്‍ പ്രകാരം ആന്ധ്രാപ്രദേശ്, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് നാല് വീതവും, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വീതവും സീറ്റുകളുണ്ട്. ജാര്‍ഖണ്ഡില്‍ നിന്ന് രണ്ടും അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഓരോ സീറ്റുകളിലേക്കുമാണ് പതിവ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ ഒന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ജൂണ്‍ 8 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ജൂണ്‍ 18-ന് രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. അന്ന് വൈകിട്ട് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ച് രാത്രിയോടെ ഫലം പുറത്തുവരും.

ഗുജറാത്തിലെ ചരിത്രപരമായ മാറ്റം
നാല് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ഇത്തവണ ചരിത്രപരമായ രാഷ്ട്രീയ മാറ്റത്തിനാണ് വേദിയൊരുങ്ങുന്നത്. നിലവില്‍ ഒഴിവുവരുന്ന നാല് സീറ്റുകളില്‍ മൂന്നെണ്ണം ബി.ജെ.പി.യുടെയും ഒരെണ്ണം കോണ്‍ഗ്രസിന്റെയുമാണ്. എന്നാല്‍ നിലവിലെ നിയമസഭയിലെ കക്ഷിനില അനുസരിച്ച് ഈ നാല് സീറ്റുകളും ബി.ജെ.പി.ക്ക് തടസ്സമില്ലാതെ നേടിയെടുക്കാന്‍ സാധിക്കും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശക്തിസിങ് ഗോഹിലിന്റെ കാലാവധി അവസാനിക്കുന്നതോടെ ഗുജറാത്തിന്റെ ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ കോണ്‍ഗ്രസിന് ഒരു പ്രതിനിധി പോലും ഇല്ലാത്ത അവസ്ഥ സംജാതമാകും. നിലവില്‍ 182 അംഗ ഗുജറാത്ത് നിയമസഭയില്‍ ബി.ജെ.പി.ക്ക് മാത്രം 162 എം.എല്‍.എമാരുണ്ട്. ഇതിനുപുറമെ രണ്ട് സ്വതന്ത്രരുടെ പിന്തുണയുമുണ്ട്. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന് 12 പേരും ആം ആദ്മി പാര്‍ട്ടിക്ക് (എ.എ.പി.) നാലും സമാജ്വാദി പാര്‍ട്ടിക്ക് ഒരു എം.എല്‍.എയുമാണുള്ളത്. ഈ അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും തിരികെ പിടിക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പാണ്.
