Friday, May 22, 2026

തമിഴ്‌നാട് ചരിത്രത്തില്‍ ആദ്യമായി മുസ്ലീം ലീഗ് മന്ത്രിസഭയില്‍

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി മുസ്ലീം ലീഗ് മന്ത്രിസഭയില്‍. പാപനാശം മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ. എ.എം. ഷാജഹാനാണ് പുതുതായി രൂപീകരിക്കപ്പെട്ട വിജയ് മന്ത്രിസഭയില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്തത്. ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുക. ഇതോടൊപ്പം വി.സി.കെ.യുടെ (വിടുതലൈ ചിരുതൈഗള്‍ കച്ചി) തിണ്ടിവനം എം.എ.എല്‍.എ. വന്നി അരശും മന്ത്രിയായി ചുമതലയേറ്റു. സാമൂഹ്യനീതി വകുപ്പാണ് (ആദി ദ്രാവിഡര്‍, ഹില്‍ ട്രൈബ്‌സ് ക്ഷേമം) വന്നി അരശ് കൈകാര്യം ചെയ്യുക. ചെന്നൈ രാജ്ഭവനില്‍ (ലോക് ഭവന്‍) നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഇരുവര്‍ക്കും ഔദ്യോഗികമായി സത്യവാചകം ചൊല്ലിക്കൊടുത്തു.

രണ്ടുപേര്‍ കൂടി പുതിയതായി ചുമതലയേറ്റതോടെ തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവ് സി. ജോസഫ് വിജയ് നയിക്കുന്ന മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം ഭരണഘടനാപരമായ പരമാവധി പരിധിയായ 35-ല്‍ എത്തി. കോണ്‍ഗ്രസിന്റെ രണ്ട് പ്രതിനിധികള്‍ ഉള്‍പ്പെടെ 23 മന്ത്രിമാര്‍ കഴിഞ്ഞ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വെള്ളിയാഴ്ച രണ്ടാമത്തെ സഭാ വിപുലീകരണം നടന്നത്. തമിഴ്നാടിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് മുസ്ലിം ലീഗ് മന്ത്രിസഭയുടെ ഭാഗമാകുന്നത്. മുന്‍പ് ദശാബ്ദങ്ങളായി ഡി.എം.കെ. മുന്നണിയുടെ ഭാഗമായിരുന്നിട്ടുപോലും ലീഗിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. പലപ്പോഴും ലീഗ് സ്ഥാനാര്‍ത്ഥികള്‍ ഡി.എം.കെ.യുടെ ‘ഉദയസൂര്യന്‍’ ചിഹ്നത്തില്‍ മത്സരിക്കേണ്ടി വന്ന സാഹചര്യവുമുണ്ടായിരുന്നു.

ഇത്തവണ പാപനാശം മണ്ഡലത്തില്‍ ടി.വി.കെ. സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് എ.എം. ഷാജഹാന്‍ സഭയിലെത്തിയത്. അന്ന് എതിര്‍ത്ത് മത്സരിച്ച വ്യക്തി ഇന്ന് ടി.വി.കെ.യുടെ തന്നെ മന്ത്രിസഭയില്‍ അംഗമാകുന്നു എന്ന കൗതുകവും ഈ രാഷ്ട്രീയ നീക്കത്തിനുണ്ട്. കഴിഞ്ഞ ദിവസത്തെ വിപുലീകരണത്തിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളില്‍ ചില സുപ്രധാന മാറ്റങ്ങളും വന്നിട്ടുണ്ട്. നേരത്തെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുതിര്‍ന്ന നേതാവ് കെ.എ. സെങ്കോട്ടയ്യന് ഇപ്പോള്‍ റവന്യൂ, ദുരന്തനിവാരണ വകുപ്പുകളാണ് നല്‍കിയിരിക്കുന്നത്. പകരം എന്‍. മേരി വില്‍സണാണ് പുതിയ ധനകാര്യ മന്ത്രി.

ആദ്യഘട്ടത്തില്‍ വിജയ് മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് വി.സി.കെ. നേതൃത്വം അറിയിച്ചിരുന്നെങ്കിലും, പിന്നീട് ടി.വി.കെ.യുടെ ക്ഷണം സ്വീകരിച്ച് തീരുമാനം മാറ്റുകയായിരുന്നു. അതേസമയം, സഖ്യത്തിന്റെ ഭാഗമായ ഇടതുപക്ഷ പാര്‍ട്ടികള്‍ നിലവില്‍ മന്ത്രിസഭയില്‍ ചേരേണ്ടതില്ലെന്ന നിലപാടിലാണ്. തമിഴ്നാട് രാഷ്ട്രീയത്തില്‍ ദ്രാവിഡ കക്ഷികളുടെ ഏകകക്ഷി ഭരണരീതി അവസാനിപ്പിച്ച് ഒരു സഖ്യകക്ഷി ഭരണത്തിന് (Coalition Era) തുടക്കം കുറിച്ചിരിക്കുകയാണ് പുതിയ വിജയ് ഗവണ്‍മെന്റ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!