ബംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ വർഷങ്ങളായി നിലനിൽക്കുന്ന ഭൂമിത്തർക്കത്തെ തുടർന്നുണ്ടായ ആസൂത്രിത ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഛദചൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോവിന്ദ്പൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. ഇരകളെ ആദ്യം വെടിവെച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

പ്രദേശത്തെ നിരാലെ, ഗൊലാഗി എന്നീ കുടുംബങ്ങൾ തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന ഭൂമിത്തർക്കമാണ് ഈ കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഗോവിന്ദ്പൂർ സ്വദേശികളായ ചന്തു നിരാലെ, ദുണ്ടപ്പ നിരാലെ, ശിവപുത്ര നിരാലെ, രാഹുൽ നിരാലെ, സമർത്ഥ് നിരാലെ, ഷബീർ നദാഫ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ അഞ്ചുപേർ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ഗൊലാഗി കുടുംബത്തിലെ അംഗങ്ങളാണെന്ന് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്തുന്നതിനായി വ്യാപകമായ തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
