Sunday, May 31, 2026

ഫാർമസികളിലെ സിഗരറ്റ് വില്പന; കാനഡയിൽ മറ്റ് പ്രവിശ്യകൾ നിരോധിച്ചിട്ടും പിന്മാറാതെ ബ്രിട്ടീഷ് കൊളംബിയ

വൻകൂവർ: മെഡിക്കൽ ഷോപ്പുകളിൽ സിഗരറ്റ് വില്പന അനുവദിക്കുന്ന കാനഡയിലെ ഏക പ്രവിശ്യയായി ബ്രിട്ടീഷ് കൊളംബിയ തുടരുന്നതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. 13 വർഷം മുൻപ് മാനിറ്റോബ പ്രവിശ്യ കൂടി ഫാർമസികളിലെ പുകയില വില്പന നിരോധിച്ചതോടെയാണ് ഈ പട്ടികയിൽ ബി.സി മാത്രം ഒറ്റപ്പെട്ടത്. ഒന്റാരിയോ 1994-ൽ തന്നെ ഈ നിരോധനം നടപ്പിലാക്കിയിരുന്നു. ജീവൻ രക്ഷിക്കാനുള്ള മരുന്നുകൾ വിൽക്കുന്ന ഫാർമസികളിൽ ക്യാൻസറിന് കാരണമാകുന്ന സിഗരറ്റുകൾ വിൽക്കുന്നത് എന്ത് യുക്തിയാണെന്ന് പുകയില വിരുദ്ധ പ്രവർത്തകർ ചോദിക്കുന്നു. ഈ വിഷയം കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കൊളംബിയ നിയമസഭയിലും കടുത്ത വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഫാർമസികൾക്ക് പുകവലി നിർത്താനുള്ള സർക്കാർ പദ്ധതികൾക്കായി പൊതുപണം ലഭിക്കുമ്പോൾ തന്നെ, അവർക്ക് സിഗരറ്റ് വിൽക്കാനും അനുമതി നൽകുന്നത് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

എന്നാൽ പ്രവിശ്യാ ആരോഗ്യ മന്ത്രി ജോസി ഓസ്ബോൺ ഈ നയത്തെ നിയമസഭയിൽ ന്യായീകരിക്കുകയാണ് ചെയ്തത്. ഫാർമസികളിൽ സിഗരറ്റ് വാങ്ങാൻ വരുന്നവരുമായി സംസാരിക്കാനും പുകവലി നിർത്താൻ അവരെ പ്രേരിപ്പിക്കാനും ഫാർമസിസ്റ്റുകൾക്ക് ഇതിലൂടെ അവസരം ലഭിക്കുമെന്നാണ് മന്ത്രിയുടെ വിചിത്രമായ വാദം. കൂടാതെ കാനഡയിൽ ഏറ്റവും കുറവ് പുകവലിക്കാരുള്ളത് (8.7%) ബ്രിട്ടീഷ് കൊളംബിയയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബി.സിയിലെ പ്രമുഖ ഫാർമസി ശൃംഖലയായ ‘ലണ്ടൻ ഡ്രഗ്സ്’മാത്രമാണ് നിലവിൽ ഫാർമസികളിൽ പുകയില വിൽക്കുന്നത്. മെഡിക്കൽ സഹായം ലഭ്യമാകുന്ന ഫാർമസികളിൽ നിന്ന് സിഗരറ്റ് മാറ്റിയാൽ ആളുകൾ കൗൺസിലിംഗ് ഒന്നും ലഭിക്കാത്ത സാധാരണ കടകളിൽ നിന്ന് ഇത് വാങ്ങുമെന്നും, അത് പുകവലി നിർത്താനുള്ള അവരുടെ അവസരം ഇല്ലാതാക്കുമെന്നുമാണ് കമ്പനിയുടെ വാദം. എന്നാൽ ‘ഷോപ്പേഴ്സ് ഡ്രഗ് മാർട്ട്’ പോലുള്ള മറ്റ് പ്രമുഖ ഫാർമസികൾ വർഷങ്ങൾക്ക് മുൻപ് തന്നെ സിഗരറ്റ് വില്പന സ്വയം അവസാനിപ്പിച്ചിരുന്നു. പുകയില കമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ നിരോധനം ഏർപ്പെടുത്താത്തതെന്ന് പരക്കെ ആക്ഷേപമുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!