തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ സാധ്യത. സംസ്ഥാനത്തിന്റെ ഗുരുതര സാമ്പത്തിക സ്ഥിതിയും കെഎസ്ആർടിസിയുടെ വരുമാന-ചെലവ് കണക്കുകളും പരിഗണിച്ചാണ് ഇത്തരമൊരു നിർദേശം ഉയർന്നിരിക്കുന്നത്.
ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള സർവീസുകളിലും സൗജന്യ യാത്ര അനുവദിക്കുന്നത് സാമ്പത്തികമായി പ്രായോഗികമല്ലെന്നാണ് കെഎസ്ആർടിസി വിദഗ്ധ സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. പ്രത്യേകിച്ച് റിസർവേഷൻ സൗകര്യമുള്ള ബസുകളിൽ സൗജന്യ യാത്ര നടപ്പാക്കുന്നത് സർവീസ് നടത്തിപ്പിനെയും വരുമാനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
കോവിഡ് കാലത്തിന് മുമ്പ് പ്രതിദിനം ഏകദേശം 35 ലക്ഷം യാത്രക്കാരാണ് കെഎസ്ആർടിസി സർവീസുകൾ ഉപയോഗിച്ചിരുന്നത്. എന്നാൽ നിലവിൽ ഇത് 20 മുതൽ 25 ലക്ഷം വരെയായി കുറഞ്ഞിട്ടുണ്ട്. സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതി നടപ്പിലാകുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.

അതേസമയം, പദ്ധതിയുടെ സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടിവരുമെന്നും വിലയിരുത്തപ്പെടുന്നു. നിലവിൽ കെഎസ്ആർടിസിയിലെ ജീവനക്കാരുടെ ശമ്പളത്തിനും പെൻഷൻ വിതരണത്തിനുമായി സർക്കാർ പ്രതിമാസം ഏകദേശം 80 കോടി രൂപ നൽകുന്നുണ്ട്. സൗജന്യ യാത്ര പദ്ധതി പൂർണതോതിൽ നടപ്പിലാക്കിയാൽ ഇതിന് സമാനമായ അധിക സാമ്പത്തിക ബാധ്യത കൂടി സർക്കാരിന് വഹിക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. സൗജന്യ യാത്രയുടെ പരിധി, അർഹത മാനദണ്ഡങ്ങൾ, നടപ്പാക്കൽ രീതി എന്നിവ സംബന്ധിച്ച അന്തിമ തീരുമാനം സർക്കാർ തലത്തിൽ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
