ആലപ്പുഴ: നവകേരള യാത്രക്കിടെ നടന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയുള്ള മർദ്ദനക്കേസിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്ഐമാരുടെ മൊഴി. അന്വേഷണ റിപ്പോർട്ട് തിരുത്താൻ സമ്മർദ്ദം ചെലുത്തിയതായി മുൻ ഓഫീസിലെ രണ്ട് എസ്ഐമാർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയതായി വിവരം.
മേലുദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം മാത്രമാണ് തങ്ങൾ പ്രവർത്തിച്ചതെന്നും, കേസിൽ വ്യക്തിപരമായ പങ്കില്ലെന്നും എസ്ഐമാർ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തിയത്.

കേസുമായി ബന്ധപ്പെട്ട കേസ് ഡയറിയും പ്രാഥമിക റിപ്പോർട്ടും മൂന്ന് ദിവസത്തിനുള്ളിൽ തിരുത്തിയതായും, റഫർ റിപ്പോർട്ടിൽ “തെളിവില്ല” എന്ന വാക്ക് ചേർത്തതായും മൊഴിയിൽ പറയുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഏറ്റവും പിന്നിൽ സഞ്ചരിച്ചിരുന്നതിനാൽ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നും, അതിനെ തുടർന്ന് “തെളിവില്ല” എന്ന് രേഖപ്പെടുത്തിയാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതെന്നും മൊഴിയിൽ.
അജിത് കുമാറിന്റെ നിർദേശപ്രകാരം രേഖകൾ തിരുത്തിയിട്ടില്ലെന്നും, ഓഫീസ് ജീവനക്കാർ സ്വതന്ത്രമായി പ്രവർത്തിച്ചതാണെന്നും അദ്ദേഹം മുമ്പ് പ്രതികരിച്ചിരുന്നു. എസ്ഐമാരുടെ മൊഴി കേസിൽ നിർണായകമാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. മൊഴികളുടെ അടിസ്ഥാനത്തിൽ ഇവരെ സാക്ഷികളാക്കാമോ എന്നതും പരിശോധിച്ചുവരികയാണ്. ആവശ്യമായാൽ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.
