Sunday, June 14, 2026

യു.എ.ഇയിൽ ഉച്ച വിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ; നിയമ ലംഘനത്തിന് 50,000 ദിർഹം വരെ പിഴ

ദുബായ്: വേനൽക്കാല ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യു.എ.ഇയിൽ വാർഷിക ഉച്ച വിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും. ഉച്ചയ്ക്ക് 12.30 മുതൽ 3 മണിവരെ പുറം ജോലികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്ന ഈ നിയമം സെപ്റ്റംബർ 15 വരെ തുടരും.

തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം, ഉയർന്ന ചൂടിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ആരോഗ്യസംരക്ഷണമാണ് പ്രധാന ലക്ഷ്യം. വേനൽക്കാലത്ത് ഉണ്ടാകുന്ന ചൂട് സംബന്ധമായ ആരോഗ്യപ്രശ്നങ്ങളും അപകടങ്ങളും ഒഴിവാക്കുന്നതിനായാണ് തുടർച്ചയായ 22-ാം വർഷവും ഈ നിയമം നടപ്പാക്കുന്നത്.

നിയമപ്രകാരം ഉച്ചവിശ്രമ സമയത്ത് തൊഴിലാളികൾക്ക് തണലുള്ള വിശ്രമസൗകര്യങ്ങൾ, ഫാനുകൾ ഉൾപ്പെടെയുള്ള കൂളിംഗ് സംവിധാനങ്ങൾ, മതിയായ കുടിവെള്ളം എന്നിവ കമ്പനികൾ ഉറപ്പാക്കേണ്ടതാണ്. സുരക്ഷിത തൊഴിലിടം ഒരുക്കുന്നത് തൊഴിലുടമകളുടെ ബാധ്യതയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

അടിയന്തര അറ്റകുറ്റപ്പണികൾ പോലുള്ള, മാറ്റിവെക്കാൻ കഴിയാത്ത ജോലികൾക്ക് ഈ നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം ജോലികൾക്കും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്ക് 50,000 ദിർഹം വരെ പിഴ ചുമത്തും. കഴിഞ്ഞ വർഷം 99 ശതമാനത്തിലധികം കമ്പനികളും നിയമം കൃത്യമായി പാലിച്ചതായി മന്ത്രാലയം അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!