ഹാലിഫാക്സ്: ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനും, വിദേശത്ത് പരിശീലനം നേടിയ ആരോഗ്യപ്രവർത്തകരെ രാജ്യത്തേക്ക് ആകർഷിക്കാനുമായി പുതിയ ഗ്രാന്റ് പദ്ധതിയുമായി നോവസ്കോഷ സർക്കാർ. കമ്മ്യൂണിറ്റി പദ്ധതികൾക്ക് പരമാവധി 25,000 ഡോളർ വരെ സഹായം നൽകുമെന്ന് സർക്കാർ അറിയിച്ചു.
ഓഫീസ് ഓഫ് ഹെൽത്ത്കെയർ പ്രൊഫഷണൽസ് റിക്രൂട്ട്മെന്റ് കമ്മ്യൂണിറ്റി ഫണ്ടിന്റെ പുതിയ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ആരോഗ്യപ്രവർത്തകരെ ആകർഷിക്കുന്നതോടൊപ്പം, നിലവിലുള്ള ജീവനക്കാരെ നിലനിർത്തുന്നതിനും കൂടുതൽ സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

2022 മുതൽ ഇതുവരെ 82 ഗ്രാന്റുകൾ വിവിധ പദ്ധതികൾക്ക് അനുവദിച്ചിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. റിക്രൂട്ട്മെന്റ് വീഡിയോ, കരിയർ ഫെയറുകൾ, സാംസ്കാരിക പരിപാടികൾ, മെന്റർഷിപ്പ് പദ്ധതികൾ, താമസ സഹായം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമാണ്.നോൺ-പ്രോഫിറ്റ് സംഘടനകൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ, മുനിസിപ്പാലിറ്റികൾ എന്നിവയ്ക്ക് പദ്ധതിക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ 16 വരെ സമർപ്പിക്കാം.
