നോവസ്‌കോഷ: കേപ് ബ്രെറ്റനില്‍ പൊതുഗതാഗതം കൂടുതല്‍ ലളിതമാക്കി പുതിയ ‘ടാപ്പ് ആന്‍ഡ് റൈഡ്’ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നിലവില്‍ വന്നു. ഇനി മുതല്‍ യാത്രക്കാര്‍ക്ക് തങ്ങളുടെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, പുതിയ ‘Umo’ മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ റീലോഡ് ചെയ്യാവുന്ന ട്രാന്‍സിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് ബസ്് നിരക്കുകള്‍ എളുപ്പത്തില്‍ അടയ്ക്കാം. പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി മുന്‍പുണ്ടായിരുന്ന വിവിധ നിരക്ക് സോണുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി. പകരം മുന്‍സിപ്പാലിറ്റിയുടെ പരിധിയില്‍ എവിടെ വേണമെങ്കിലും ഒരു ഭാഗത്തേക്ക് യാത്ര ചെയ്യാന്‍ 2.50 ഡോളര്‍ ഫ്‌ലാറ്റ് റേറ്റ് (ഒരേ നിരക്ക്) മാത്രമായിരിക്കും ഇനി ഈടാക്കുക. കൂടാതെ, ഒരു തവണ യാത്ര തുടങ്ങി കഴിഞ്ഞാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി മറ്റ് ബസ്സുകളിലേക്ക് സൗജന്യമായി മാറിക്കയറാനുള്ള സൗകര്യവും യാത്രക്കാര്‍ക്ക് ലഭിക്കും.
നിലവിലുള്ള പേപ്പര്‍ ടിക്കറ്റുകള്‍ ഡിസംബര്‍ 31 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തവര്‍ക്കായി സിറ്റി ഹാളിലെ സിറ്റിസണ്‍ സര്‍വീസ് സെന്ററില്‍ നിന്നും 10 ഡോളര്‍ നിരക്കില്‍ പുതിയ ട്രാന്‍സിറ്റ് കാര്‍ഡുകള്‍ ലഭ്യമാണ്. ഈ കാര്‍ഡുകളിലേക്ക് ഓണ്‍ലൈന്‍ വഴിയോ സിറ്റി ഹാള്‍ വഴിയോ പണം മുന്‍കൂട്ടി നിക്ഷേപിക്കാം. പണമായി കൃത്യമായ തുക നല്‍കിയും യാത്ര ചെയ്യാം.

പുതിയ സംവിധാനം മേഖലയിലെ പൊതുഗതാഗത രംഗത്തെ വലിയൊരു ആധുനികവല്‍ക്കരണമാണെന്ന് കേപ് ബ്രെറ്റന്‍ മേയര്‍ സിസില്‍ ക്ലാര്‍ക്ക് വ്യക്തമാക്കി. നിത്യേന യാത്ര ചെയ്യുന്നവര്‍ക്കും ആദ്യമായി ബസ് ഉപയോഗിക്കുന്നവര്‍ക്കും ഒരുപോലെ ലളിതവും സൗകര്യപ്രദവുമായ യാത്രാനുഭവമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ സ്‌കീം പ്രകാരം യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍എന്നിവര്‍ക്കായി മാസം 66 ഡോളര്‍ നിരക്കില്‍ പരിധിയില്ലാത്ത യാത്രാ പാസ്സുകള്‍ ലഭ്യമാകും. സാധാരണക്കാര്‍ക്കുള്ള അണ്‍ലിമിറ്റഡ് പാസ്സ് നിരക്ക് 82.50 ഡോളറാണ്. അതേസമയം, 10 വയസ്സും അതില്‍ താഴെയുമുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ കൂടെ തികച്ചും സൗജന്യമായി യാത്ര ചെയ്യാമെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്.
