യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയെന്ന ആരോപണത്തിൽ കനേഡിയൻ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) ഉദ്യോഗസ്ഥനായ 34കാരൻ ഇവൻസൺ ഡുമെർലസിനെതിരെയാണ് കാനഡ അധികൃതർ നിയമനടപടി സ്വീകരിച്ചത്.
കഴിഞ്ഞ വർഷം അൽബർട്ടയിലെ കാനനാസ്കിസിൽ നടന്ന ജി7 ഉച്ചകോടിയുടെ വിവിഐപി സുരക്ഷാ മേൽനോട്ട ചുമതലയിൽ ഡുമെർലസ് ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഔദ്യോഗിക സ്ഥാനത്തിരിക്കെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന ആരോപണത്തെ തുടർന്ന് അദ്ദേഹത്തെ ചുമതലകളിൽ നിന്ന് നീക്കിയതായി ആർസിഎംപി അറിയിച്ചു.

2025 ജൂൺ 15 മുതൽ 17 വരെ നടന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപ് കാനഡയിലെത്തിയ സമയത്താണ് സംഭവമുണ്ടായത്. ഡുമെർലസ് തന്റെ സ്നാപ്ചാറ്റ് അക്കൗണ്ടിലൂടെ ട്രംപിനെതിരെ ഭീഷണിയടങ്ങിയ വീഡിയോ പങ്കുവെച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. വീഡിയോ ശ്രദ്ധയിൽപ്പെട്ട സഹപ്രവർത്തകനായ പോലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ആർസിഎംപിക്ക് പരാതി നൽകിയത്.

പരാതിക്ക് പിന്നാലെ ആർസിഎംപിയുടെ പ്രത്യേക അന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സമൂഹമാധ്യമ ഉള്ളടക്കങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ച ശേഷമാണ് ഡുമെർലസിനെതിരെ “ഭീഷണി മുഴക്കൽ” (Uttering Threats) കുറ്റം ചുമത്തിയത്.
ക്യൂബെക്ക് സ്വദേശിയായ ഡുമെർലസ് നിലവിൽ പോലീസ് ചുമതലകളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിരിക്കുകയാണ്. കേസ് ജൂലൈ 30ന് സെന്റ്-ഷാങ്-സുർ-റിഷെലൂ കോടതിയിൽ പരിഗണിക്കും.
ഓൺലൈനിലൂടെ വ്യക്തികൾക്കും രാഷ്ട്രത്തലവന്മാർക്കും എതിരെ ഭീഷണി ഉയർത്തുന്ന സംഭവങ്ങൾ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും കനേഡിയൻ സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

