Wednesday, June 17, 2026

ഇന്ത്യയുടെ ആദ്യ ഡിജിറ്റല്‍ സെന്‍സസിന് കേരളത്തില്‍ തുടക്കം; ആദ്യഘട്ടം ജൂലൈയില്‍

തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സെന്‍സസായ ‘സെന്‍സസ് 2027’ന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ ജൂലൈ ഒന്നിന് തുടക്കമാകും. സംസ്ഥാന നോഡല്‍ ഓഫീസറും പൊതുഭരണ വകുപ്പ് സെക്രട്ടറിയുമായ കെ. ബിജു തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഘട്ടങ്ങളായാണ് രാജ്യത്ത് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക. ഇതില്‍ ഒന്നാം ഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും (ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷന്‍ – HLO) ജൂലൈ 1 മുതല്‍ 30 വരെ കേരളത്തില്‍ നടക്കും. രണ്ടാം ഘട്ടമായ യഥാര്‍ത്ഥ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലായിരിക്കും നടക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

സെന്‍സസിന്റെ ഭാഗമായി ആകെ 33 ചോദ്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ളത്. പൊതുജനങ്ങള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ മേയ് 7ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി, ജൂണ്‍ 16 മുതല്‍ 15 ദിവസത്തേക്ക് പൊതുജനങ്ങള്‍ക്ക് ‘സെല്‍ഫ് എന്യൂമറേഷന്‍’ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി https://se.census.gov.in/ എന്ന ഔദ്യോഗിക പോര്‍ട്ടല്‍ വഴി ജനങ്ങള്‍ക്ക് സ്വന്തം കുടുംബ വിവരങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാനാകും. ഇങ്ങനെ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന വിവരങ്ങള്‍ പിന്നീട് ഫീല്‍ഡ് സന്ദര്‍ശന വേളയില്‍ എന്യൂമറേറ്റര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തും. സെന്‍സസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരാതികള്‍ക്കുമായി 1855 എന്ന ടോള്‍ ഫ്രീ നമ്പറും സജ്ജമാക്കിയിട്ടുണ്ട്.

കേരളത്തില്‍ വിവരശേഖരണത്തിനായി അധ്യാപകരും മറ്റ് സര്‍ക്കാര്‍ ജീവനക്കാരുമടങ്ങുന്ന വലിയൊരു എന്യൂമറേറ്റര്‍മാരുടെ നിരയെയും 10,189 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. വെബ് മാപ്പിംഗ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മുന്‍കൂട്ടി നിശ്ചയിച്ച ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളില്‍ ഇവര്‍ നേരിട്ടെത്തിയാണ് വിവരങ്ങള്‍ ശേഖരിക്കുക. ഇതിനായി എന്യൂമറേറ്റര്‍മാര്‍ക്ക് പ്രത്യേക ‘HLO ആപ്പ്’ നല്‍കിയിട്ടുണ്ട്. സെന്‍സസിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ണ്ണമായി ഏകോപിപ്പിക്കുന്നത് ”സെന്‍സസ് മാനേജ്മെന്റ് ആന്‍ഡ് മോണിറ്ററിങ് സിസ്റ്റം” എന്ന വെബ് പോര്‍ട്ടല്‍ വഴിയായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭരണപരവും സ്ഥിതിവിവരക്കണക്കുകള്‍ സംബന്ധിച്ചതുമായ പ്രക്രിയകളിലൊന്നായാണ് ഇന്ത്യന്‍ സെന്‍സസ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയന്‍ ലിസ്റ്റില്‍ 69-ാം ക്രമനമ്പരായാണ് സെന്‍സസ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1948-ലെ സെന്‍സസ് നിയമവും 1990-ലെ സെന്‍സസ് ചട്ടങ്ങളും അനുസരിച്ചാണ് രാജ്യത്ത് ഈ കണക്കെടുപ്പ് നടത്തുന്നത്. 150 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഇന്ത്യന്‍ സെന്‍സസ് ആദ്യമായി നടന്നത് 1872-ലാണ്; ഏറ്റവും ഒടുവില്‍ നടന്നത് 2011-ലും. ഇപ്പോള്‍ നടക്കാനിരിക്കുന്ന സെന്‍സസ് 2027 ഈ പരമ്പരയിലെ 16-ാമത്തേതും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തേതുമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണറുടെ കാര്യാലയമാണ് ഇതിന്റെ സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കുന്നത്. സംസ്ഥാനങ്ങളില്‍ ഇതിന്റെ ഏകോപന ചുമതല ഡയറക്ടറേറ്റ് ഓഫ് സെന്‍സസ് ഓപ്പറേഷന്‍സിനാണ്. ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കും. വാര്‍ത്താസമ്മേളനത്തില്‍ സെന്‍സസ് ഓപ്പറേഷന്‍ ഡയറക്ടര്‍ മിത്ര ടി, തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി, പി.ഐ.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ആതിര തമ്പി എന്നിവരും പങ്കെടുത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!