Wednesday, June 17, 2026

മസ്‌കോക്ക തടാകങ്ങളില്‍ ക്ലോറൈഡിന്റെ അളവ് വര്‍ധിക്കുന്നു; ആശങ്കയില്‍ ജനങ്ങള്‍

ബാരി: മസ്‌കോക്ക തടാകങ്ങളില്‍ ക്ലോറൈഡിന്റെ (Chloride) അളവ് വലിയ തോതില്‍ വര്‍ധിക്കുന്നതായി പരിസ്ഥിതി സംഘടനയായ ‘ഫ്രണ്ട്‌സ് ഓഫ് മസ്‌കോക്ക വാട്ടര്‍ഷെഡ്’ (Friends of Muskoka Watershed) നടത്തിയ പഠനങ്ങളില്‍ വ്യക്തമാകുന്നു. പ്രദേശത്തെ ജലാശയങ്ങള്‍, കലുങ്കുകള്‍, തോടുകള്‍ എന്നിവയില്‍ നിന്ന് സന്നദ്ധപ്രവര്‍ത്തകര്‍ രണ്ടാഴ്ചയിലൊരിക്കല്‍ ശേഖരിച്ച ജലസാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

മസ്‌കോക്കയിലെ വിനോദസഞ്ചാര പ്രാധാന്യമുള്ള തടാകങ്ങളില്‍ 25 ശതമാനത്തിലും ക്ലോറൈഡിന്റെ അളവ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുത്തനെ ഉയരുന്നതായാണ് കണ്ടെത്തിയിട്ടുള്ളതെന്ന് പ്രോജക്ട് ലീഡ് അലേഷ ബ്രെക്കന്റിഡ്ജ് വ്യക്തമാക്കി. ശീതകാലത്ത് മഞ്ഞുരക്കാന്‍ റോഡുകളില്‍ വിതറുന്ന ഉപ്പാണ് തടാകങ്ങളിലെ ക്ലോറൈഡ് വര്‍ധനയ്ക്ക് പ്രധാന കാരണം.

എന്നാല്‍, ഇതിന് തദ്ദേശഭരണകൂടങ്ങളെ മാത്രം കുറ്റം പറയാനാകില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യ ഡ്രൈവ്വേകള്‍, പാര്‍ക്കിങ് ഏരിയകള്‍, നടപ്പാതകള്‍ എന്നിവടങ്ങളില്‍ അമിതമായി ഉപ്പ് ഉപയോഗിക്കുന്നതാണ് പ്രശ്‌നത്തിന്റെ 20 ശതമാനത്തിനും കാരണം. 1970-കള്‍ മുതല്‍ തന്നെ ഈ പ്രദേശത്തെ ക്ലോറൈഡിന്റെ അളവ് വര്‍ദ്ധിച്ചുവരുന്നതായി ഡാറ്റകള്‍ വ്യക്തമാക്കുന്നു. വലിയ തടാകങ്ങളിലേക്ക് എത്തുമ്പോള്‍ ഇത് നേര്‍ത്തുപോകുമെങ്കിലും, കലുങ്കുകള്‍ക്കും ഡ്രെയിനേജുകള്‍ക്കും സമീപമുള്ള സാമ്പിളുകളില്‍ ക്ലോറൈഡിന്റെ അളവ് അപകടകരമായ നിലയിലാണ്.

പ്രമുഖ ശാസ്ത്രജ്ഞനായ നീല്‍ ഹച്ചിന്‍സണിന്റെ അഭിപ്രായത്തില്‍, റോഡിലിടുന്ന ഉപ്പ് ആരോഗ്യത്തിന് ഹാനികരമാണെന്ന് 2001-ല്‍ തന്നെ കനേഡിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കഠിനജലത്തില്‍ (Hard water) നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ 120 ppm (Parts Per Million) വരെ സുരക്ഷിതമാണെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ മസ്‌കോക്കയിലേത് മൃദുജലമായതിനാല്‍ ഇവിടെ ലിറ്ററിന് 10 മില്ലിഗ്രാം എന്നതാണ് സുരക്ഷിതമായ അളവെന്നും, 20 മില്ലിഗ്രാം കടന്നാല്‍ അത് ആശങ്കാജനകമാണെന്നും അദ്ദേഹം പറയുന്നു.

നിലവില്‍ ഗ്രേവന്‍ഹര്‍സ്റ്റ് ബേയില്‍ ഇത് 18 മില്ലിഗ്രാം ആണ്. ഇതിലും ഉയര്‍ന്ന അളവിലുള്ള മറ്റ് തടാകങ്ങളും മസ്‌കോക്കയിലുണ്ട്. ഒരു സാധാരണ കാര്‍ പാര്‍ക്ക് ചെയ്യുന്ന ഡ്രൈവ്വേയിലെ മഞ്ഞുരക്കാന്‍ 12 ഔണ്‍സ് (ഒരു ചെറിയ കപ്പ്) ഉപ്പും, നടപ്പാതയിലെ ഒരു ചതുരശ്ര ഭാഗത്തിന് ഒരു ടേബിള്‍സ്പൂണ്‍ ഉപ്പും മാത്രം ഉപയോഗിച്ചാല്‍ മതിയെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം.

കഴിഞ്ഞ വര്‍ഷം മാത്രം മസ്‌കോക്ക ഡിസ്ട്രിക്റ്റ് റോഡുകളില്‍ 5,000 ടണ്‍ ഉപ്പാണ് വിതറിയത്. എന്നാല്‍ ഇപ്പോള്‍ കൃത്യമായ അളവില്‍ മാത്രം ഉപ്പ് ഉപയോഗിക്കാനുള്ള പുതിയ സാങ്കേതികവിദ്യകള്‍ ഭരണകൂടം നടപ്പിലാക്കുന്നുണ്ടെന്ന് എഞ്ചിനീയറിങ് ആന്‍ഡ് പബ്ലിക് വര്‍ക്‌സ് കമ്മീഷണര്‍ ജെയിംസ് സ്റ്റീല്‍ പറഞ്ഞു. ‘റോഡ് വെതര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം’ (RWIS) വഴി പാതകളിലെ മഞ്ഞിന്റെ അവസ്ഥ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ഇപ്പോള്‍ ഉപ്പ് വിതറുന്നത്. പുതിയ ഫണ്ടുകള്‍ ലഭ്യമായതോടെ ഈ പരിസ്ഥിതി സംഘടന തങ്ങളുടെ ജലപരിശോധന ‘ലേക്ക് ഓഫ് ബേയ്‌സ്’ (Lake of Bays) മേഖലയിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. തടാകങ്ങളിലെ ജലനിലവാരം പരിശോധിക്കാന്‍ താല്പര്യമുള്ള പൊതുജനങ്ങള്‍ക്ക് ‘വാട്ടര്‍ റേഞ്ചേഴ്‌സ്’ (Water Rangers) വഴി ടെസ്റ്റിംഗ് കിറ്റുകള്‍ സ്വന്തമാക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!