Thursday, June 18, 2026

ടിനി ടോമിനെതിരെ കേസെടുക്കണം: കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്‍

കൊച്ചി: ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന അമ്മയുടെ ഭാരവാഹി ടിനി ടോമിനെതിരെ കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്‍. തനിക്കെതിരെ വര്‍ഗീയ പ്രചാരണം നടത്തിയതിന് ടിനി ടോമിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തിലാണ് അന്‍സിബ എറണാകുളം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.

ഈ മാസം ഒന്നാം തീയതിയാണ് അന്‍സിബ ഹസന്‍ നടന്‍ ടിനി ടോമിനെതിരെ പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയത്. തനിക്കെതിരെ ജാതീയവും വര്‍ഗീയവുമായ അധിക്ഷേപങ്ങള്‍ നടത്തിയെന്നും, തന്നെയും തന്റെ കുടുംബത്തെയും നിരന്തരം വേട്ടയാടുകയാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ടിനി ടോമിന്റെ പെരുമാറ്റം സ്ത്രീത്വത്തെ കടുത്ത രീതിയില്‍ അപമാനിക്കുന്നതാണെന്നും അന്‍സിബ ഹസന്‍ ഹര്‍ജിയിലൂടെ കോടതിയെ ബോധിപ്പിച്ചു.

അന്‍സിബയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിന്റെ ഭാഗമായി നടി നീന കുറുപ്പിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അന്‍സിബ മറ്റുള്ളവരെ മതം മാറ്റാന്‍ ശ്രമിക്കുന്നു എന്നതുള്‍പ്പെടെയുള്ള വ്യാജവും വര്‍ഗീയവുമായ പരാമര്‍ശങ്ങള്‍ ടിനി ടോം നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും, നീന കുറുപ്പ് അടക്കമുള്ളവര്‍ ഇതിന് സാക്ഷിയാണെന്നുമാണ് അന്‍സിബ വ്യക്തമാക്കുന്നത്. സംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്ന പ്രചാരണങ്ങള്‍ ടിനി ടോം ആരംഭിച്ചതെന്നും നടി ആരോപിക്കുന്നു.

അതേസമയം, നടി അന്‍സിബ ഹസന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ടിനി ടോം പോലീസിന് മൊഴി നല്‍കി. അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും വ്യക്തിപരമായ വൈരാഗ്യമാണ് ഈ പരാതിക്ക് പിന്നിലെന്നും അദ്ദേഹം അവകാശപ്പെട്ടു. മുന്‍പ് ഒരു സ്റ്റേജ് ഷോയ്ക്കിടയില്‍ നടി നീനാ കുറുപ്പുമായി ഉണ്ടായ ചില തര്‍ക്കങ്ങളാണ് ഇപ്പോഴത്തെ ഈ കൂട്ടായ പരാതികളിലേക്കും പുതിയ ആരോപണങ്ങളിലേക്കും നയിച്ചതെന്നാണ് ടിനി ടോം പോലീസിനോട് വ്യക്തമാക്കിയത്. കേസില്‍ കോടതിയുടെ തുടരിടപെടലുകള്‍ക്കായി കാത്തിരിക്കുകയാണ് ഇരുവിഭാഗവും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!