ന്യൂഡല്‍ഹി: ദേശീയ യോഗ്യതാ പരീക്ഷയിലെ (NEET) വന്‍ ക്രമക്കേടുകള്‍ക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ രണ്ടാംഘട്ട പ്രതിഷേധത്തിനൊരുങ്ങി കോക്രോച്ച് ജനത പാര്‍ട്ടി (CJP). ജൂണ്‍ 20-ന് ഡല്‍ഹിയിലെ പ്രശസ്തമായ ജന്തര്‍ മന്തറിലാണ് പാര്‍ട്ടി വന്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. പ്രതിഷേധ പ്രകടനത്തിന് ഡല്‍ഹി പോലീസ് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോക്രോച്ച് ജനത പാര്‍ട്ടി നേതൃത്വം അറിയിച്ചു.
സി.ജെ.പി മുഖ്യ വക്താവ് സൗരവ് ദാസാണ് രണ്ടാംഘട്ട പ്രതിഷേധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. ഡല്‍ഹി ജന്തര്‍ മന്തറില്‍ പരസ്യ പ്രതിഷേധം നടത്തുന്നതിനായി പോലീസിന്റെ ഔദ്യോഗിക അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധ പരിപാടിയുടെ റൂട്ടും സമയവും ഉള്‍പ്പെടെയുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ അടങ്ങിയ കത്ത് ന്യൂഡല്‍ഹി സന്‍സദ് മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചതായും സി.ജെ.പി അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പ്രത്യേക വീഡിയോ പങ്കുവെച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകരോടും വിദ്യാര്‍ത്ഥികളോടും പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

നേരത്തെ, നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും അട്ടിമറിയും മൂലം മാനസികമായി തകര്‍ന്ന അഞ്ച് വിദ്യാര്‍ത്ഥികളാണ് രാജ്യത്ത് ആത്മഹത്യ ചെയ്തതെന്നും ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അടിയന്തരമായി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് അഭിജീത് ദീപ്കെയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ ആദ്യഘട്ട പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ‘പാറ്റകള്‍ ആരെയും ഭയപ്പെടുന്നില്ല’ എന്ന് അന്ന് പ്രഖ്യാപിച്ച അഭിജീത്, കേന്ദ്ര മന്ത്രി സ്ഥാനം രാജിവെക്കുന്നത് വരെ തങ്ങളുടെ പോരാട്ടം അവസാനിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. സി.ജെ.പിയുടെ ആദ്യ പൊതുപരിപാടിയില്‍ വന്‍ ജനപങ്കാളിത്തമാണ് ഡല്‍ഹിയില്‍ ദൃശ്യമായത്. ഇതിന്റെ തുടര്‍ച്ചയായാണ് ജൂണ്‍ 20-ന് കൂടുതല്‍ ശക്തമായ രണ്ടാംഘട്ട സമരവുമായി പാര്‍ട്ടി രംഗത്തെത്തുന്നത്.
