Thursday, June 18, 2026

കാനഡയില്‍ തോക്ക് നിയന്ത്രണ നിയമം നടപ്പാക്കണം; മാര്‍ക്ക് കാര്‍ണിയോട് വനിത കൂട്ടായ്മകള്‍

ഓട്ടവ: ഗാര്‍ഹിക പീഡനക്കേസുകളില്‍ പ്രതികളാകുന്നവര്‍ക്ക് തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന നിയമം അടിയന്തിരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കാനഡയിലെ വനിതാ അവകാശ സംഘടനകളും തോക്ക് നിയന്ത്രണത്തെ അനുകൂലിക്കുന്ന മറ്റ് കൂട്ടായ്മകളും രംഗത്ത്. 30 മാസം മുന്‍പ് പാര്‍ലമെന്റ് പാസാക്കിയ ആയുധ നിയന്ത്രണ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ അടിയന്തിരമായി പ്രാബല്യത്തില്‍ വരുത്തണമെന്ന് ഇവര്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയോട് ആവശ്യപ്പെട്ടു.

നിലവിലെ നിയമപ്രകാരം പങ്കാളികളെയോ കുടുംബാംഗങ്ങളെയോ ഉപദ്രവിക്കുന്ന കേസുകളില്‍ കോടതികളുടെ ‘പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍’ (സംരക്ഷണ ഉത്തരവ്) നേരിടുന്ന വ്യക്തികള്‍ക്ക് ആ ഉത്തരവ് നിലനില്‍ക്കുന്ന കാലയളവിലേക്ക് തോക്ക് ലൈസന്‍സ് ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. അക്രമികളില്‍ നിന്ന് ഇരകള്‍ക്ക് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള സമയത്ത് തന്നെ അവരുടെ കൈകളില്‍ നിന്ന് മാരകായുധങ്ങള്‍ വേഗത്തില്‍ പിടിച്ചെടുക്കുക എന്നതാണ് ഈ നിയമം കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാല്‍, ‘പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍’ എന്ന പദത്തിന്റെ നിയമപരമായ നിര്‍വചനം ഔദ്യോഗികമായി നിശ്ചയിക്കേണ്ടതുണ്ടെന്നും, റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുള്ള മാര്‍ഗ്ഗരേഖകള്‍ പൂര്‍ണ്ണമായി തയ്യാറായാല്‍ മാത്രമേ ഇത് പൂര്‍ണ്ണതോതില്‍ നടപ്പാക്കാന്‍ കഴിയൂ എന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇതില്‍ കൂടുതല്‍ കാലതാമസം വരുത്തരുതെന്നും ‘പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍’ എന്നതിന് വിപുലമായ നിര്‍വചനം നല്‍കണമെന്നും ആവശ്യപ്പെട്ട് സംഘടനകള്‍ സംയുക്ത പ്രസ്താവനയിറക്കി.

നാഷണല്‍ അസോസിയേഷന്‍ ഓഫ് വുമണ്‍ ആന്‍ഡ് ദ ലോ (NAWL), പോളിസെസുവിയന്റ് (PolySeSouvient), ഡാന്‍ഫോര്‍ത്ത് ഫാമിലീസ് ഫോര്‍ സേഫ് കമ്മ്യൂണിറ്റീസ് തുടങ്ങി നിരവധി പ്രമുഖ സംഘടനകളാണ് ഈ പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്. 2023 ഡിസംബറില്‍ പാസാക്കിയ ഈ നിയമത്തില്‍, ഏതൊരു സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ കോടതിയുടെ ഉത്തരവും ലൈസന്‍സ് റദ്ദാക്കാന്‍ കാരണമാകണമെന്ന വിപുലമായ അര്‍ത്ഥമാണ് പാര്‍ലമെന്റ് വിഭാവനം ചെയ്തതെന്ന് സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ജാമ്യ ഉത്തരവുകളോ പ്രൊബേഷന്‍ ഉത്തരവുകളോ ഇതില്‍ നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഇത് ഇരകളുടെ സുരക്ഷയെ ബാധിക്കുന്ന അപകടകരമായ വേര്‍തിരിവാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ അഭിപ്രായരൂപീകരണം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയായിട്ടുണ്ടെന്നും വരും സെപ്റ്റംബര്‍ അവസാനത്തോടെ പുതിയ നിയമനിര്‍മ്മാണ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുത്താനാകുമെന്നാണ് പ്രതീക്ഷയെന്നും പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദസംഗരി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!