ഹാലിഫാക്സ്: ഭവനരഹിതരുടെ എണ്ണം വർധിക്കുകയും വീടുകളുടെ വാടക കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ, നോവസ്കോഷ സർക്കാരിന്റെ ഭവന പദ്ധതിക്കെതിരെ വിമർശനവുമായി എൻഡിപി (ന്യൂ ഡെമോക്രാറ്റിക് പാർട്ടി).1.7 ബില്യൺ ഡോളറിന്റെ ഭവന പദ്ധതി പ്രഖ്യാപിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ഫലമില്ലെന്ന് എൻഡിപി നേതാവ് ക്ലോഡിയ ചാൻഡർ ആരോപിച്ചു. ഹൗസിംഗ് പദ്ധതിയുടെ ഭാഗമായി സർക്കാർ വലിയ തുക ചെലവഴിച്ചിട്ടും പുതിയ വാടക കരാറുകൾ ഒപ്പിടുന്നവർക്ക് നോവസ്കോഷ രാജ്യത്തെ ഏറ്റവും ചെലവേറിയ പ്രവിശ്യകളിലൊന്നായി മാറിയെന്നും ചാൻഡർ പറഞ്ഞു.
ബുധനാഴ്ച നടന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിലാണ് എൻഡിപി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. ഭവന ചെലവ് കുറയ്ക്കുന്നതിൽ സർക്കാർ നടപടികൾ ഫലപ്രദമാകാത്തതിന്റെ കാരണം വ്യക്തമാക്കാൻ ഉദ്യോഗസ്ഥർക്കായില്ലെന്നും വിമർശനം.സർക്കാരിന്റെ ഭവന പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം ഹാലിഫാക്സിലെ ഭവനരഹിതരുടെ എണ്ണം ഇരട്ടിയായതായി എൻഡിപി ചൂണ്ടിക്കാട്ടുന്നു.

ആളുകൾക്ക് താങ്ങാനാവുന്ന വിലയിൽ കൂടുതൽ വീടുകൾ ലഭ്യമാക്കുകയും വാടകക്കാർക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കുകയും വേണമെന്ന് ചാൻഡർ ആവശ്യപ്പെട്ടു. നിശ്ചിത കാലാവധിയുള്ള ലീസ് കരാറുകളുടെ നിയമത്തിലെ പഴുതുകൾ അടയ്ക്കാൻ ലിബറൽ, പിസി സർക്കാരുകൾ വർഷങ്ങളായി തയ്യാറാകാത്തതാണ് വാടക വർധനവിന് കാരണമായതെന്നും എൻഡിപി ചൂണ്ടിക്കാട്ടുന്നു.
എൻഡിപിയുടെ കണക്കുകൾ പ്രകാരം, ഭവന പദ്ധതിക്കായി അനുവദിച്ച ബജറ്റിന്റെ മുക്കാൽ ഭാഗവും ഇതിനകം ചെലവഴിച്ചിട്ടുണ്ടെങ്കിലും വാടക നിരക്കുകൾ ഇപ്പോഴും ഉയരുകയാണ്. പ്രത്യേക ആസൂത്രണ മേഖലകളിൽ പ്രഖ്യാപിച്ച 63,000 വീടുകളിൽ വെറും 32 എണ്ണം മാത്രമാണ് യഥാർഥത്തിൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുന്നതെന്നും പാർട്ടി ആരോപിച്ചു.
