Thursday, June 18, 2026

ബഹിരാകാശത്തേക്ക് ആദ്യ മലയാളി സ്പർശം; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ ചരിത്രയാത്ര അടുത്ത മാസം

വാഷിങ്ടൺ ഡിസി: ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടത്തിനരികെയാണ് നാസയുടെ ശാസ്ത്രജ്ഞനായ അനിൽ മേനോൻ. അടുത്ത മാസം 14-ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) ദൗത്യത്തിനായി അദ്ദേഹം യാത്ര തിരിക്കും. എക്സ്പെഡിഷൻ 75 ദൗത്യത്തിന്റെ ഭാഗമായാണ് അനിൽ മേനോൻ ബഹിരാകാശത്തേക്ക് പോകുന്നത്.

റഷ്യയുടെ സോയൂസ് എംഎസ്-29 പേടകത്തിലാണ് യാത്ര. രണ്ട് റഷ്യൻ ബഹിരാകാശ യാത്രികരും ദൗത്യ സംഘത്തിലുണ്ടാകും. ഏകദേശം എട്ട് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിക്കുന്ന ദൗത്യത്തിനായുള്ള അവസാനഘട്ട പരിശീലനങ്ങളിലാണ് അനിൽ മേനോൻ.

മലയാളി വേരുകളുള്ള അനിൽ മേനോൻ അമേരിക്കയിലാണ് ജനിച്ചതും വളർന്നതും. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെ മകനാണ് അദ്ദേഹം. വൈദ്യശാസ്ത്രത്തിലും എൻജിനീയറിങ്ങിലും മികവ് തെളിയിച്ച അനിൽ, നാസയിലും സ്പേസ് എക്‌സിലും സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്.

സ്പേസ് എക്‌സിന്റെ ആദ്യ ഫ്ലൈറ്റ് സർജനും മെഡിക്കൽ ഡയറക്ടറുമായിരുന്ന അദ്ദേഹം, മനുഷ്യരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന വിവിധ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. യു.എസ്. സ്പേസ് ഫോഴ്‌സിൽ കേണലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2014-ലാണ് അനിൽ മേനോൻ നാസയിൽ ഫ്ലൈറ്റ് സർജനായി ചേരുന്നത്. എമർജൻസി മെഡിസിൻ വിദഗ്ധനായ അദ്ദേഹം ബഹിരാകാശ യാത്രികരുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ രംഗത്തും ശ്രദ്ധേയമായ നേട്ടങ്ങളാണ് അനിൽ മേനോന്റേത്. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദം നേടിയ അദ്ദേഹം, സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും മെഡിസിനിൽ ഡോക്ടറേറ്റും നേടി. എമർജൻസി മെഡിസിൻ, എയറോസ്പേസ് മെഡിസിൻ, വൈൽഡർനെസ് മെഡിസിൻ, പബ്ലിക് ഹെൽത്ത് തുടങ്ങിയ മേഖലകളിലും പ്രത്യേക യോഗ്യതകൾ നേടിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!