സാന്‍ ഫ്രാന്‍സിസ്‌കോ: കാലിഫോര്‍ണിയയിലെ സാന്താക്രൂസ് കൗണ്ടിയിലെ പാന്തര്‍ ബീച്ചില്‍ അപ്രതീക്ഷിതമായി എത്തിയ ഭീമന്‍ തിരയില്‍പ്പെട്ട് ഇന്ത്യന്‍ വംശജരായ രണ്ട് കോളജ് വിദ്യാര്‍ഥിനികള്‍ മരിച്ചു. ഫ്രെമോണ്ട് സ്വദേശിനികളായ ഹര്‍ഷിത നായര്‍ (21), മഹിയാല്‍ സ്രാന്‍ (20) എന്നിവരാണ് മരിച്ചത്.
ഉച്ചകഴിഞ്ഞ് സൂര്യസ്‌നാനം നടത്താനാണ് ഇരുവരും പാന്തര്‍ ബീച്ചില്‍ എത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി രൂപപ്പെട്ട ശക്തമായ ‘സ്‌നീക്കര്‍ വേവ്’ (Sneaker Wave) തീരത്തേക്ക് ഇരച്ചുകയറുകയും തീരത്തുണ്ടായിരുന്ന യുവതികളെ കടലിലേക്ക് ഒഴുക്കിക്കൊണ്ടുപോവുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാലിഫോര്‍ണിയ അഗ്‌നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി അതിവേഗം തിരച്ചില്‍ നടത്തി. ഇരുവരെയും പിന്നീട് കടലില്‍നിന്ന് പുറത്തെടുത്ത് അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാന്താക്രൂസ് കൗണ്ടി അധികൃതര്‍ സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മരിച്ച ഹര്‍ഷിത നായര്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്ക്ലിയില്‍ ലീഗല്‍ സ്റ്റഡീസ് (നിയമപഠനം) വിഭാഗത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു. മഹിയാല്‍ സ്രാന്‍ സാന്‍ ജോസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് ഹെല്‍ത്ത് വിഭാഗത്തില്‍ പഠനം നടത്തിവരികയായിരുന്നു. ഫ്രെമോണ്ടിലെ വാഷിങ്ടന്‍ ഹൈസ്‌കൂളില്‍ നിന്ന് 2023-ലാണ് ഇരുവരും സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. 2027-ല്‍ ബിരുദം നേടാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചത്. ഹര്‍ഷിത സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നുവെന്ന് ബെര്‍ക്ക്ലിയിലെ സഹപാഠികളും അധ്യാപകരും അനുസ്മരിച്ചു.
സംഭവത്തെ തുടര്‍ന്ന് കാലിഫോര്‍ണിയ തീരത്ത് വീണ്ടും ‘സ്‌നീക്കര്‍ വേവ്’ ഭീഷണിയെക്കുറിച്ച് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി. സാധാരണ തിരമാലകളേക്കാള്‍ മുന്നറിയിപ്പില്ലാതെ അതിവേഗത്തില്‍ തീരത്തേക്ക് പാഞ്ഞെത്തുന്ന ഇത്തരം തിരമാലകള്‍ ഓരോ വര്‍ഷവും ഒട്ടേറെ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രത്യേകിച്ച് പാറക്കെട്ടുകള്‍ക്കിടയിലും ഒറ്റപ്പെട്ട ബീച്ചുകളിലും സന്ദര്‍ശകര്‍ അതീവ ജാഗ്രത പാലിക്കണമെന്നും വടക്കന്‍ കാലിഫോര്‍ണിയ തീരത്തെ അപകടസാധ്യതകള്‍ അവഗണിക്കരുതെന്നും നിര്‍ദേശമുണ്ട്.
