ഡൽഹി: നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലഗ്രാം ആപ്പിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണം ശരിവെച്ച് ഡൽഹി ഹൈക്കോടതി. സർക്കാർ നടപടി നിയമപരമായി ശരിയാണെന്നും ആലോചനയില്ലാതെ എടുത്ത തീരുമാനമല്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് തേജസ് കരിയയാണ് സർക്കാർ ഉത്തരവ് അംഗീകരിച്ചത്. ജൂൺ 22 വരെ ടെലഗ്രാമിന് നിയന്ത്രണം തുടരുമെന്നും കോടതി രേഖപ്പെടുത്തി. പരീക്ഷയ്ക്ക് ശേഷം വ്യാജ തെളിവുകൾ സൃഷ്ടിക്കാൻ മെസേജ് എഡിറ്റിംഗ് ഫീച്ചർ ദുരുപയോഗം ചെയ്തുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതിനിടെ, മെസേജ് എഡിറ്റിംഗ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ നിർത്തിവെക്കണമെന്ന സർക്കാർ നിർദേശവും നിലവിലുണ്ട്. ഐടി ആക്ട് സെക്ഷൻ 69എ പ്രകാരമുള്ള നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും കോടതി നിരീക്ഷിച്ചു.നിരോധന ഉത്തരവിന് വ്യക്തമായ കാരണങ്ങളുണ്ടെന്നും, പരീക്ഷ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തടയാൻ സർക്കാരിന് അധികാരം ഉണ്ടെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ടെലഗ്രാം കുറ്റകൃത്യങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു പ്ലാറ്റ്ഫോമായിട്ടുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ വാദവും കോടതിയിൽ ഉന്നയിച്ചിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ച, സൈബർ കുറ്റകൃത്യങ്ങൾ, തീവ്രവാദ പ്രവർത്തനങ്ങൾ, മയക്കുമരുന്ന് കടത്ത്, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്കായി ആപ്പ് ഉപയോഗിക്കുന്നതായി സർക്കാർ ചൂണ്ടിക്കാട്ടി.
രാജ്യസുരക്ഷയ്ക്ക് ഗുരുതര ഭീഷണി സൃഷ്ടിക്കുന്ന രീതിയിൽ ടെലഗ്രാം ഉപയോഗിക്കപ്പെടുന്നുവെന്ന ആശങ്കയും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
