Tuesday, June 23, 2026

തക്കാളി വില 45% ഉയര്‍ന്നു; കാനഡയില്‍ ജനങ്ങളെ വലച്ച് വിലക്കയറ്റം

ഓട്ടവ: കാനഡയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റുകളെ ഉലയ്ക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. കാനഡയിലെ പണപ്പെരുപ്പ നിരക്ക് (Inflation rate) മെയ് മാസത്തില്‍ 3.2 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യത്ത് മറ്റ് മേഖലകളേക്കാള്‍ വേഗത്തിലാണ് ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിക്കുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പലചരക്ക് സാധനങ്ങളുടെ വിലയില്‍ 4.3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പൊതുവായ പണപ്പെരുപ്പ നിരക്കിനേക്കാള്‍ വേഗത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്ന തുടര്‍ച്ചയായ പതിനാറാമത്തെ മാസമാണിത്.

പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും വിലയിലാണ് ഏറ്റവും വലിയ വര്‍ധനവുണ്ടായിരിക്കുന്നത്. പഴവര്‍ഗ്ഗങ്ങള്‍ക്ക് 5.3 ശതമാനവും പച്ചക്കറികള്‍ക്ക് 9 ശതമാനവും വില ഉയര്‍ന്നപ്പോള്‍, തക്കാളി വിലയില്‍ മാത്രം 45 ശതമാനത്തിന്റെ വന്‍ വര്‍ധനയാണുണ്ടായത്. മെക്‌സിക്കോയിലെ മോശം കാലാവസ്ഥയും യു.എസ് താരിഫ് ഭീഷണിയെത്തുടര്‍ന്ന് കര്‍ഷകര്‍ ഉത്പാദനം കുറച്ചതുമാണ് തക്കാളി വില കുതിച്ചുയരാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ധനവിലയിലുണ്ടായ വന്‍ വര്‍ധനയാണ് മെയ് മാസത്തില്‍ രാജ്യത്തെ ആകെ പണപ്പെരുപ്പം ഉയരാന്‍ പ്രധാന കാരണമായത്. അമേരിക്ക, ഇസ്രായേല്‍, ഇറാന്‍ എന്നിവര്‍ ഉള്‍പ്പെട്ട മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഇന്ധനവില മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. എന്നാല്‍ ജൂണ്‍ മാസത്തില്‍ ഇന്ധനവിലയില്‍ 10 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.

കഴിഞ്ഞ മാസം ഡൗണ്‍ടൗണ്‍ ടൊറന്റോയില്‍ ലിറ്ററിന് 2 ഡോളറിനടുത്ത് എത്തിയ പെട്രോള്‍ വില ഇപ്പോള്‍ 1.60 ഡോളറിന് താഴേക്ക് എത്തിയിട്ടുണ്ട്. ഇതോടെ വരും മാസങ്ങളില്‍ പണപ്പെരുപ്പ നിരക്കില്‍ നേരിയ കുറവുണ്ടായേക്കുമെന്ന് ബി.എം.ഒ ചീഫ് ഇക്കണോമിസ്റ്റ് ഡഗ് പോര്‍ട്ടര്‍ വിലയിരുത്തുന്നു. ഇന്ധനത്തിന് പുറമേ വിമാനയാത്രാ നിരക്കില്‍ 7.4 ശതമാനവും കമ്പ്യൂട്ടര്‍, മറ്റ് സാങ്കേതിക ഉപകരണങ്ങള്‍ എന്നിവയുടെ വിലയില്‍ 3.9 ശതമാനവും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡാറ്റാ സെന്ററുകളുടെ വ്യാപനത്തെത്തുടര്‍ന്ന് മെമ്മറി ചിപ്പുകള്‍ക്കും സോളിഡ്-സ്റ്റേറ്റ് ഡ്രൈവുകള്‍ക്കും (SSD) ആവശ്യം വര്‍ധിച്ചതാണ് സാങ്കേതിക മേഖലയിലെ വിലക്കയറ്റത്തിന് കാരണം.

വര്‍ഷങ്ങളായി പണപ്പെരുപ്പം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിച്ചിരുന്ന ടെക് മേഖലയില്‍ വില ഉയരുന്നത് ആശങ്കാജനകമാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, വീട്ടുവാടക ഉള്‍പ്പെടെയുള്ള പാര്‍പ്പിട ചെലവുകളില്‍ 1.7 ശതമാനത്തിന്റെ നേരിയ വര്‍ധന മാത്രമാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!