Tuesday, June 23, 2026

കൊട്ടാരക്കര ടിപ്പര്‍ അപകടം: ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കൊട്ടാരക്കര: നാടിനെ നടുക്കിയ കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടത്തിന് കാരണം അമിതവേഗതയെന്ന് എഫ്.ഐ.ആര്‍. അപകടമുണ്ടാക്കിയ ലോറി ഡ്രൈവര്‍ നിസാമിനെ പ്രതിയാക്കി പോലീസ് മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഇതിനുപുറമേ ബോധപൂര്‍വ്വം അലക്ഷ്യമായി വാഹനമോടിക്കല്‍, അലക്ഷ്യമായി ഓടിച്ചു അപകടമുണ്ടാക്കല്‍ തുടങ്ങിയ കടുത്ത വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

കൊട്ടാരക്കര നീലേശ്വരം മുക്കോലിമുക്കില്‍ ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. മണ്ണുമായി അമിതവേഗതയിലെത്തിയ ലോറി, ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടയിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തില്‍ മരിച്ച കുടവട്ടൂര്‍ സ്വദേശിയും സ്വകാര്യ കോളേജ് അധ്യാപകനുമായ ഹരിലാല്‍ (54), ഓയൂര്‍ കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിവ്, നീലേശ്വരം മുക്കോലിമുക്ക് സ്വദേശി അജയകുമാര്‍ (45) എന്നിവരെ മരിച്ച നിലയിലാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റ മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറിയെയും ഡ്രൈവറെയും കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ പുറത്തുവന്നിട്ടുള്ളത്. ഡ്രൈവര്‍ നിസാമിന് വാഹനം ഓടിക്കാനുള്ള ഹെവി ലൈസന്‍സ് ഇല്ലായിരുന്നുവെന്നും, വാഹനത്തിന്റെ വേഗത മറച്ചുവെക്കാന്‍ ജി.പി.എസ് (GPS) സംവിധാനം ബോധപൂര്‍വ്വം വിച്ഛേദിച്ച നിലയിലായിരുന്നുവെന്നും കൊട്ടാരക്കര എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ദിലു വ്യക്തമാക്കി. അപകടം നടന്ന റോഡിലെ ഇറക്കവും വളവും നിറഞ്ഞ ഭാഗത്തേക്ക് അമിത അളവില്‍ മണ്ണുകയറ്റി അമിതവേഗതയില്‍ പാഞ്ഞുവന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാരും സ്ഥിരീകരിച്ചു.

അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറിക്ക് 17 വര്‍ഷത്തെ പഴക്കമുണ്ടെന്നും, മുന്‍പും നിരവധി തവണ വിവിധ നിയമലംഘനങ്ങള്‍ക്ക് ഈ വാഹനം പിടിക്കപ്പെട്ടിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അതേസമയം, അപകടത്തില്‍ പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള അടിയന്തര ധനസഹായം അടുത്ത മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!