ഡൽഹി: ഇന്ത്യയുൾപ്പെടെയുള്ള ആഗോള വിപണികളിൽ മാക്ബുക്ക്, ഐപാഡ് മോഡലുകളുടെ വില ആപ്പിൾ വർധിപ്പിച്ചു. സെമികണ്ടക്ടർ, മെമ്മറി ചിപ്പുകളുടെ വില കുത്തനെ ഉയർന്നതാണ് വില വർധനയ്ക്ക് പ്രധാന കാരണമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. പുതിയ വിലപ്രകാരം ചില മോഡലുകൾക്ക് 20 ശതമാനം മുതൽ 42 ശതമാനം വരെയാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്.
ആപ്പിൾ ഇന്ത്യയുടെ പുതുക്കിയ വില പ്രകാരം, എം5(M5) പ്രോ ചിപ്പോടുകൂടിയ 14 ഇഞ്ച് മാക്ബുക്ക് പ്രോയുടെ വില 2,49,900 രൂപയിൽ നിന്ന് 2,99,900 രൂപയായി ഉയർന്നു. ഏകദേശം 50,000 രൂപയുടെ വർധനവാണിത്.
അതേസമയം, ഏറ്റവും വലിയ വിലവർധന രേഖപ്പെടുത്തിയത് 13 ഇഞ്ച് ഐപാഡ് എയറിന്റെ ബേസിക് മോഡലിലാണ്. ഇതിന്റെ വില 84,900 രൂപയിൽ നിന്ന് 1,19,900 രൂപയായി ഉയർന്നു. 41 ശതമാനത്തിലേറെ വർധനവാണിത്.

മെമ്മറി ചിപ്പുകൾ, പ്രോസസറുകൾ ഉൾപ്പെടെയുള്ള സെമികണ്ടക്ടർ ഘടകങ്ങളുടെ വിലയിൽ ഉണ്ടായ വർധനയാണ് മാക്ബുക്ക് നിയോ, മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ഐപാഡ് എയർ, ഐപാഡ് പ്രോ (വൈ-ഫൈ) എന്നിവയുടെ വില വർധിപ്പിക്കാൻ കാരണമായതെന്ന് കൗണ്ടർപോയിന്റ് റിസർച്ച് കോ-ഫൗണ്ടറും റിസർച്ച് വൈസ് പ്രസിഡന്റുമായ നീൽ ഷാ പറഞ്ഞു. പിസി, ടാബ്ലെറ്റ് വിപണിയിലെ നിർമ്മാണച്ചെലവിൽ സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ വർധനയാണിതെന്നും അദ്ദേഹം വിലയിരുത്തി.
എഐ ഡാറ്റാ സെന്ററുകളുടെ അതിവേഗ വളർച്ച മെമ്മറി, സ്റ്റോറേജ് ഘടകങ്ങൾക്ക് ആഗോളതലത്തിൽ വലിയ ആവശ്യകത സൃഷ്ടിച്ചിട്ടുണ്ടെന്ന് ആപ്പിൾ വ്യക്തമാക്കി. ഇതുവരെ വർധിച്ച നിർമ്മാണച്ചെലവ് ഉപഭോക്താക്കൾക്ക് മേൽ ചുമത്താതിരിക്കാൻ ശ്രമിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ വില വർധിപ്പിക്കേണ്ടി വന്നതായും കമ്പനി അറിയിച്ചു. ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ മറ്റ് മാർഗങ്ങൾ തേടുകയാണെന്നും ആപ്പിൾ കൂട്ടിച്ചേർത്തു.
