Monday, June 29, 2026

ബ്രിട്ടിഷ് കൊളംബിയ തീരത്ത് ബോട്ടപകടം: 4 പേരെ രക്ഷപെടുത്തി, 6 പേര്‍ക്കായി തിരച്ചില്‍

വന്‍കൂവര്‍: ബ്രിട്ടിഷ് കൊളംബിയ തീരത്ത് ഞായറാഴ്ച രാവിലെ ചാര്‍ട്ടര്‍ ബോട്ട് മുങ്ങി ആറ് പേരെ കാണാതായി. ഇവര്‍ക്കായിരക്ഷാപ്രവര്‍ത്തകര്‍ വിപുലമായ തിരച്ചില്‍ നടത്തിവരികയാണ്. ഞായറാഴ്ച രാവിലെ 11:45ഓടെ റിച്ച്മണ്ടിന് സമീപം റോബര്‍ട്ട്‌സ് ബാങ്ക് മേഖലയില്‍ വെച്ചാണ് പത്ത് യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് വെള്ളം കയറി മുങ്ങിയത്.

ബോട്ടിലുണ്ടായിരുന്ന നാല് പേരെ രക്ഷപെടുത്തിയെങ്കിലും ബാക്കി ആറ് പേരെക്കുറിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിച്ചിട്ടില്ല. പ്രദേശത്തുണ്ടായിരുന്ന ഒരു സിവില്‍ ബോട്ട് യാത്രികനാണ് അപകടവിവരം അധികൃതരെ അറിയിച്ചത്. ലൈഫ് ജാക്കറ്റുകള്‍ പോലുമില്ലാതെ നിരവധി ആളുകള്‍ വെള്ളത്തില്‍ കിടക്കുന്നുണ്ടെന്നായിരുന്നു വിവരം.

തുടര്‍ന്ന് കനേഡിയന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹോവര്‍ക്രാഫ്റ്റും ലൈഫ് ബോട്ടും, രണ്ട് ആര്‍.സി.എം.പി ബോട്ടുകളും, കോമോക്‌സ് 19 വിംഗില്‍ നിന്നുള്ള സി.എച്ച്-139 കോര്‍മോറന്റ് ഹെലികോപ്റ്റര്‍, സി.സി-295 കിംഗ്ഫിഷര്‍ വിമാനം ഉള്‍പ്പെടെയുള്ള സന്നാഹങ്ങളും തിരച്ചിലിനായി രംഗത്തിറങ്ങി. രക്ഷപെടുത്തിയ നാല് പേരെ സി ഐലന്‍ഡ് കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനില്‍ എത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ചാര്‍ട്ടര്‍ ബോട്ട് മുങ്ങാനുണ്ടായ കാരണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!