ഓട്ടവ: കാനഡയില്‍ ഏറെ ജനപ്രിയമായ ‘ഗ്രീനര്‍ ഹോംസ് ഗ്രാന്റ്’ പദ്ധതി പുനരാരംഭിക്കുന്നു. നോവസ്‌കോഷ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് (P.E.I), കെബെക്ക്, ബ്രിട്ടിഷ് കൊളംബിയ എന്നീ നാല് പ്രവിശ്യകളിലേക്കാണ് പദ്ധതി തിരിച്ചെത്തുന്നത്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ജൂലി ഡാബ്രൂസിന്‍ തിങ്കളാഴ്ച രാവിലെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
‘കാനഡ ഗ്രീനര്‍ ഹോംസ് അഫോര്‍ഡബിലിറ്റി പ്രോഗ്രാം’ (CGHAP) എന്ന് പുനര്‍നാമകരണം ചെയ്ത ഈ പദ്ധതിക്കായി 500 മില്യണ്‍ ഡോളറിലധികം ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇതില്‍ 300 മില്യണ്‍ ഡോളറും ഫെഡറല്‍ ഗവണ്‍മെന്റിന്റെ വിഹിതമാണ്. കുറഞ്ഞതും ഇടത്തരം വരുമാനമുള്ളതുമായ (Low-to-median-income) 35,000-ത്തിലധികം കുടുംബങ്ങള്‍ക്ക് ഊര്‍ജ്ജ ബില്ലുകളും ഹരിതഗൃഹ വാതക ഉദ്വമനവും കുറയ്ക്കാന്‍ ഈ തുക വിനിയോഗിക്കും. വീടുകളില്‍ ഹീറ്റ് പമ്പുകള്‍ സ്ഥാപിക്കല്‍, ഇന്‍സുലേഷന്‍, എയര്‍ സീലിങ് തുടങ്ങിയവ തികച്ചും സൗജന്യമായി ചെയ്യാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും.

മുന്‍പ് നിലവിലിരുന്ന പദ്ധതി വന്‍കിട വീടുടമസ്ഥര്‍ക്ക് മാത്രമായി പരിമിതപ്പെടുകയും ഫണ്ട് തീര്‍ന്നതിനെ തുടര്‍ന്ന് 2024-ന്റെ തുടക്കത്തില്‍ നിര്‍ത്തലാക്കേണ്ടി വരികയും ചെയ്തിരുന്നു. എന്നാല്‍, പുതിയ പതിപ്പ് കുറഞ്ഞ വരുമാനക്കാരായ വീടുടമസ്ഥര്‍ക്കും വാടകക്കാര്‍ക്കും (Renters) ഒരുപോലെ പ്രയോജനപ്പെടും വിധമാണ് വിഭാവനം ചെയ്തിരിക്കുന്നത്. മാനിറ്റോബയില്‍ ഇതിനകം തന്നെ ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
പുതിയ മാറ്റങ്ങള്‍ പ്രകാരം ഈ പദ്ധതിയുടെ നിയന്ത്രണം ഫെഡറല്‍ ഗവണ്‍മെന്റിന് പകരം അതത് പ്രവിശ്യകള്‍ക്കായിരിക്കും. കെബെക്ക് ഹൈഡ്രോ, ബി.സി ഹൈഡ്രോ, ഫോര്‍ട്ടിസ് ബി.സി, എഫിഷ്യന്‍സി വണ്‍ തുടങ്ങിയ പ്രാദേശിക ഊര്‍ജ്ജ ഏജന്‍സികളുമായി ഏകോപിപ്പിച്ചാണ് പ്രവിശ്യകള്‍ ഇത് നടപ്പിലാക്കുക. അര്‍ഹതയ്ക്കുള്ള മാനദണ്ഡങ്ങളോ ഒരു കുടുംബത്തിന് ലഭിക്കാവുന്ന പരമാവധി തുകയോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
2021ല്‍ ആരംഭിച്ച ആദ്യ ഘട്ടത്തില്‍ വീടുകളുടെ ഊര്‍ജ്ജസംരക്ഷണ നവീകരണത്തിനായി 5,000 ഡോളര്‍ വരെ റീഇംബേഴ്‌സ്‌മെന്റായി നല്‍കിയിരുന്നു. 2027 വരെ നീണ്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന 2.6 ബില്യണ്‍ ഡോളറിന്റെ പദ്ധതി രണ്ട് വര്‍ഷം തികയുന്നതിന് മുന്‍പ് നിന്നുപോയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനാണ് പുതിയ പദ്ധതിയിലൂടെ പരിഹാരമാകുന്നത്.
