ഓട്ടവ: കാനഡ ഡേയുടെ ഭാഗമായി ഇന്ന് രാജ്യത്തുടനീളം വിപുലമായ ആഘോഷങ്ങൾ. തലസ്ഥാനമായ ഓട്ടവ ഉൾപ്പെടെ പ്രധാന നഗരങ്ങളിലുടനീളം പരേഡുകൾ, സാംസ്കാരിക പരിപാടികൾ, സംഗീത പ്രകടനങ്ങൾ, കരിമരുന്ന് പ്രദർശനങ്ങൾ എന്നിവയുണ്ടാകും. കാനഡയുടെ ചരിത്രവും ജനാധിപത്യ മൂല്യങ്ങളും ഓർമ്മിപ്പിക്കുന്ന ഈ ദിനം, ലോകമെമ്പാടുമുള്ള കാനഡക്കാരുടെ അഭിമാനദിനം കൂടിയാണ്.
രാജ്യത്തിന്റെ ഐക്യവും ബഹുസാംസ്കാരികതയും പ്രതിഫലിപ്പിക്കുന്ന രീതിയിൽ വിവിധ സമുദായങ്ങൾ ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കും. ദേശീയ പതാകകൾ ഉയർത്തിയും ചുവപ്പ്–വെളുപ്പ് നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചും ജനങ്ങൾ ആഘോഷങ്ങളിൽ പങ്കെടുക്കും.രാജ്യത്തിന്റെ ബഹുസാംസ്കാരികതയും ഐക്യവും വിളിച്ചോതുന്ന പരിപാടികളാണ് വിവിധ പ്രവിശ്യകളിൽ സംഘടിപ്പിച്ചിരിക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി ഒ.സി ട്രാൻസ്പോ (OC Transpo) ബസുകളിലും ഒ-ട്രെയിനുകളിലും (O-Train) യാത്രക്കാർക്ക് ദിവസം മുഴുവൻ സൗജന്യമായി യാത്ര ചെയ്യാം. തിരക്കേറിയ റൂട്ടുകളിൽ അധിക സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒ-ട്രെയിൻ Line 1 പുലർച്ചെ 6 മണി മുതൽ രാത്രി 2 മണിവരെ സർവീസ് നടത്തും.
ഉച്ചയ്ക്ക് 12 മുതൽ 1.30 വരെ നടക്കുന്ന കാനഡ ഡേ നൂൺ ഷോയിൽ അലെസിയ കാര ഉൾപ്പെടെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കും. കനേഡിയൻ ബഹിരാകാശ യാത്രികൻ ജെറമി ഹാൻസൻ, റിക്ക് ഹാൻസൻ, ഒളിമ്പിക്-പാരാലിമ്പിക് താരങ്ങൾ എന്നിവരും പ്രത്യേക അതിഥികളായെത്തും. രാത്രി 8 മുതൽ 10 വരെ നടക്കുന്ന കാനഡ ഡേ ഈവനിങ് ഷോയിൽ ബെയർനേക്ക്ഡ് ലേഡീസ് ഉൾപ്പെടെ നിരവധി പ്രമുഖർ വേദിയിലെത്തും. പരിപാടി പാർലമെന്റ് ഹില്ലിലെയും സുപ്രീംകോടതി പരിസരത്തെയും വലിയ സ്ക്രീനുകളിൽ തത്സമയം പ്രദർശിപ്പിക്കും. വൈകിട്ട് 4 മണിക്ക് സ്നോബേർഡ്സിന്റെ വിമാനപ്രകടനവും ഉണ്ടായിരിക്കും.

രാത്രി 10-ന് ലെബ്രെട്ടൺ ഫ്ലാറ്റ്സ് പാർക്കിന് സമീപം ‘ടിം ഹോർട്ടൺസ് കാനഡ ഡേ ഫയർവർക്സ്’ നടക്കും. മേജർസ് ഹിൽ പാർക്ക്, കാപിറ്റൽ പാത്ത്വേ എന്നിവിടങ്ങളിൽ നിന്നും ഇത് മികച്ച രീതിയിൽ കാണാം.കൂടാതെ, കനേഡിയൻ മ്യൂസിയം ഓഫ് നേച്ചർ, കനേഡിയൻ വാർ മ്യൂസിയം ഉൾപ്പെടെയുള്ള പ്രമുഖ മ്യൂസിയങ്ങളിലും സൗജന്യ പ്രവേശനം ലഭ്യമാക്കിയിട്ടുണ്ട്.
കാനഡയുടെ ചരിത്രവും ജനാധിപത്യ മൂല്യങ്ങളും ഓർമ്മിപ്പിക്കുന്ന ദിനമായ കാനഡ ഡേ വീണ്ടും ദേശീയ അഭിമാനത്തിന്റെ പ്രതീകമായി മാറുന്നു.
