Wednesday, July 1, 2026

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ED അന്വേഷിക്കും

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ക്ഷേത്ര ട്രസ്റ്റിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ ഓഡിറ്റ് റിപ്പോർട്ടുകളും സാമ്പത്തിക രേഖകളും പരിശോധിക്കും.കേസിലെ പ്രധാന പ്രതിയായ അവിനാഷ് ശുക്ലയെ കോടതിയുടെ പ്രത്യേക അനുമതിയോടെ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. കാണിക്കപ്പണം എണ്ണുന്ന മുറിയിലെ സിസിടിവി ക്യാമറകളുടെ സ്ഥാനം കൃത്യമായി അറിയാമായിരുന്നെന്നും, ക്യാമറകളുടെ നിരീക്ഷണ പരിധിക്ക് പുറത്തുള്ള ഭാഗങ്ങൾ പ്രയോജനപ്പെടുത്തിയാണ് പണം അപഹരിച്ചതെന്നും പ്രതി മൊഴി നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

മോഷ്ടിച്ച പണം ആദ്യം ശുചിമുറികളിൽ ഒളിപ്പിച്ചശേഷം അവസരം ലഭിക്കുമ്പോൾ പുറത്തേക്ക് കടത്തുകയായിരുന്നു പ്രതികളുടെ രീതിയെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഘത്തിലെ ഒരാൾ പണം മോഷ്ടിക്കുമ്പോൾ മറ്റുള്ളവർ അയാൾക്ക് ചുറ്റും നിന്ന് ക്യാമറകളുടെയും മറ്റുള്ളവരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ സഹായിച്ചിരുന്നതായും കണ്ടെത്തി.

ക്ഷേത്ര സമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ നിരീക്ഷിച്ചിരുന്നെങ്കിലും സുരക്ഷാ ജീവനക്കാർ ഇവരുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാതിരുന്നത് പ്രതികൾക്ക് സഹായകമായതായി അന്വേഷണത്തിൽ കണ്ടെത്തി. ക്ഷേത്ര ട്രസ്റ്റുമായി അടുത്ത ബന്ധമുണ്ടായിരുന്നതിനാൽ ആരും സംശയിച്ചിരുന്നില്ലെന്നും പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.

മോഷ്ടിച്ച പണം ഉപയോഗിച്ച് ഭൂമിയും വീടും വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. കള്ളപ്പണ ഇടപാടുകളുടെ സാധ്യതയും പരിശോധിച്ചാണ് ഇ ഡി തുടർനടപടികളിലേക്ക് കടക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!