വാഷിങ്ടണ്‍: ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയെയും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബഫിനെയും വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടിരുന്നതായി പ്രമുഖ അമേരിക്കന്‍ മാധ്യമമായ ദ ന്യൂയോര്‍ക്ക് ടൈംസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കഴിഞ്ഞ ഏപ്രിലില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ണായക വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കിയ ഇറാനിലെ മുന്‍നിര നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ വധശ്രമത്തിന് നീക്കം നടത്തിയത്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നല്കിയ വിവരങ്ങള്‍ ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 12-ന് ഇസ്ലാമാബാദില് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബഫ് മടങ്ങുന്നതിനിടെ അദ്ദേഹത്തിന്റെ വിമാനം ആക്രമിക്കാന്‍ ഇസ്രയേല്‍ വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നു. ഗാലിബഫിന്റെ വിമാനം ഇറാന്റെ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച സമയത്ത് ഇറാഖ് വഴി രണ്ട് ഇസ്രയേലി പോര്‍വിമാനങ്ങള്‍ ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൃത്യമായ ഇന്റലിജന്‍സ് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി വടക്കുകിഴക്കന്‍ ഇറാനിലെ മഷാദില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് റോഡ് മാര്‍ഗ്ഗമാണ് ഗാലിബഫും പ്രതിനിധി സംഘവും ടെഹ്റാനിലേക്ക് യാത്ര പൂര്‍ത്തിയാക്കിയത്.

ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി, സ്പീക്കര്‍ ഗാലിബഫ് എന്നിവരെ ഇസ്രയേല്‍ ലക്ഷ്യമിടുന്നതായി അമേരിക്കയ്ക്ക് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നു. ചര്‍ച്ചകളിലെ പ്രധാനികളായ ഇവരുടെ ജീവന് അപകടമുണ്ടായാല്‍ അത് വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ പൂര്‍ണ്ണമായും അട്ടിമറിക്കുമെന്നും മേഖലയില്‍ വീണ്ടും ശക്തമായ യുദ്ധത്തിന് കാരണമാകുമെന്നും ട്രംപ് ഭരണകൂടം ഭയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മേഖലയിലെ മറ്റ് മധ്യസ്ഥ രാജ്യങ്ങള്‍ വഴി അമേരിക്ക ഇറാന് നേരിട്ട് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഏപ്രില്‍ എട്ടിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആഴ്ചകളിലാണ് ഈ അതീവ രഹസ്യ മുന്നറിയിപ്പുകള്‍ കൈമാറിയത്.
യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഇറാന്റെ പ്രമുഖ നേതാക്കളെ ഇസ്രയേല്‍ വധിച്ചിരുന്നെങ്കിലും, സമാധാന ചര്‍ച്ചകളിലേക്ക് കടന്നതോടെ ഇത്തരം നീക്കങ്ങളില്‍ നിന്ന് പിന്മാറാന് അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇരുവരും കൊല്ലപ്പെട്ടാല്‍ ചര്‍ച്ചകള്‍ നടത്താന്‍ മറ്റാരും ബാക്കിയുണ്ടാകില്ലെന്ന് പാകിസ്ഥാന് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സമാനമായ രീതിയില്‍ മധ്യസ്ഥ രാജ്യമായ പാക്കിസ്ഥാന്റെ സൈനിക മേധാവി അസിം മുനീര്‍, പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എന്നിവരെ സ്വിറ്റ്സര്‍ലണ്ടില്‍ വച്ച് വധിക്കാന്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് പദ്ധതിയിട്ടിരുന്നതായി ബ്രസീലിയന്‍ അന്വേഷണാത്മക മാധ്യമപ്രവര്ത്തകന് പെപ്പെ എസ്കോബാറും നേരത്തെ വെളിപ്പെടുത്തിയിരുന്നു.
