Sunday, July 5, 2026

പ്രതിരോധ മേഖലയ്ക്ക് വന്‍ കുതിപ്പ്; കാനഡയുടെ പുതിയ ടാങ്കര്‍ വിമാനം ‘സിസി-330 ഹസ്‌കി’ പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കി

ഓട്ടവ: റോയല്‍ കനേഡിയന്‍ എയര്‍ ഫോഴ്‌സിനായി (RCAF) നിര്‍മ്മിക്കുന്ന പുതിയ ഇന്ധന നിറയ്ക്കല്‍ വിമാനങ്ങളില്‍ ആദ്യത്തേത് അതിന്റെ കന്നി പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. കാനഡയുടെ സൈനിക ടാങ്കര്‍ വ്യൂഹം ആധുനികവല്‍ക്കരിക്കുന്നതിനുള്ള 3.6 ബില്യണ്‍ ഡോളറിന്റെ വന്‍പദ്ധതിയിലെ ഒരു പ്രധാന നാഴികക്കല്ലാണിത്. നിലവിലുള്ള പഴക്കമേറിയ CC-150 പൊളാരിസ് (CC-150 Polaris) വിമാനങ്ങള്‍ക്ക് പകരമായി, കാനഡ ഒമ്പത് CC-330 ഹസ്‌കി (CC-330 Husky) ടാങ്കര്‍-ഗതാഗത വിമാനങ്ങളാണ് വാങ്ങുന്നത്. ഇതില്‍ നാലെണ്ണം പുതിയതും അഞ്ചെണ്ണം ഉപയോഗിച്ചതുമാണ്.

സ്‌പെയിനിലെ എയര്‍ബസ് പ്രതിരോധ വിഭാഗത്തിന്റെ കേന്ദ്രത്തില്‍ വച്ച് ആദ്യത്തെ പുതിയ ഹസ്‌കി വിമാനം പറക്കുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. എയര്‍ബസിന്റെ A330-200 എയര്‍ഫ്രെയിമിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ വിമാനം, അടുത്ത വര്‍ഷം വിതരണം ചെയ്യുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായി പുരോഗമിക്കുകയാണെന്ന് കമ്പനി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു. ആകാശത്തുവെച്ച് മറ്റ് വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനുള്ള അത്യാധുനിക ‘ഹോസ്-ആന്‍ഡ്-ഡ്രോഗ്’, ‘ബൂം’ സാങ്കേതികവിദ്യകള്‍ ഇതിലുണ്ടാകും. കൂടാതെ, വിപുലമായ സൈബര്‍ സുരക്ഷാ സംവിധാനങ്ങളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. ജൂലൈ ഒന്നിനാണ് വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ നടന്നതെന്ന് കാനഡ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

‘ഹസ്‌കി 006’ (Husky 006) എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനം, യൂറോപ്പില്‍ കൂടുതല്‍ പരിഷ്‌കരണ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം 2027-ല്‍ കാനഡയ്ക്ക് കൈമാറും. കാനഡയുടെ ആദ്യത്തെ മള്‍ട്ടി-റോള്‍ ടാങ്കര്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനമായിരിക്കും ഇത്. ഈ പദ്ധതിയുടെ ഭാഗമായി വാങ്ങിയ അഞ്ച് ഉപയോഗിച്ച വിമാനങ്ങളില്‍ മൂന്നെണ്ണം കാനഡ ഇതിനകം തന്നെ ഏറ്റെടുത്തിട്ടുണ്ട്. ഇവ നിലവില്‍ സൈനികരുടെയും യാത്രക്കാരുടെയും യാത്രകള്‍ക്കായി കൊമേഴ്‌സ്യല്‍ എയര്‍ലൈനര്‍മാരായിട്ടാണ് ഉപയോഗിക്കുന്നത്.

വരും വര്‍ഷങ്ങളില്‍ ഇവ ടാങ്കര്‍ രൂപത്തിലേക്ക് മാറ്റും. ഉപയോഗിച്ച മറ്റ് രണ്ട് എയര്‍ബസ് A330 വിമാനങ്ങളില്‍ ഒരെണ്ണം ഇന്ധനം നിറയ്ക്കുന്ന വിമാനമായും മറ്റൊന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായുള്ള വിഐപി വിമാനമായും മാറ്റാനുള്ള ജോലികള്‍ നടക്കുകയാണ്.ഹസ്‌കി വ്യൂഹത്തിന്റെ പ്രാഥമിക പ്രവര്‍ത്തന ശേഷി 2029-ഓടെയും പൂര്‍ണ്ണ സജ്ജീകരണം 2032-33 ഓടെയും കൈവരിക്കാനാണ് പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്. 2023 ജൂണിലാണ് നികുതികള്‍ കൂടാതെ 3.6 ബില്യണ്‍ ഡോളറിന് ഒമ്പത് വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ബസുമായി കരാറൊപ്പിട്ടത്. ഈ വിമാനങ്ങളുടെ ദീര്‍ഘകാല അറ്റകുറ്റപ്പണികള്‍ക്കായി ഈ വര്‍ഷം ഫെബ്രുവരിയില്‍ എയര്‍ബസ്, എല്‍3ഹാരിസ് (L3Harris) എന്നീ കമ്പനികള്‍ക്ക് 1.5 ബില്യണ്‍ ഡോളറിന്റെ അധിക കരാറുകളും കാനഡ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കുക, യാത്രക്കാരെ എത്തിക്കുക, അടിയന്തര മെഡിക്കല്‍ ഒഴിപ്പിക്കല്‍, ഔദ്യോഗിക ഗതാഗതം എന്നിവയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ഈ ഹസ്‌കി വിമാനങ്ങള്‍ കാനഡയെ സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ആന്‍ഡ്രൂ-ആന്‍ പൗലിന്‍ അറിയിച്ചു. നാറ്റോ സഖ്യകക്ഷികളോടുള്ള പ്രതിബദ്ധതകള്‍ നിറവേറ്റുന്നതിനും കനേഡിയന്‍ സായുധ സേനയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ വിമാനങ്ങള്‍ വലിയ കരുത്താകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!