ഹാലിഫാക്‌സ്: ജര്‍മ്മനിയുമായുളള കാനഡയുടെ പുതിയ അന്തര്‍വാഹിനി കരാര്‍ ആഗോള പ്രതിരോധ മേഖലയില്‍ കാനഡയുടെ ശക്തമായ ചുവടുവെപ്പാണെന്ന് വിലയിരുത്തല്‍. പ്രതിരോധ രംഗത്തെ കാനഡയുടെ പുതിയ സമീപനത്തെക്കുറിച്ചുള്ള വ്യക്തമായ സന്ദേശമാണ് ഈ തീരുമാനമെന്ന് പ്രമുഖ നാവിക വിശകലന വിദഗ്ധനും ഗവേഷകനുമായ കെന്‍ ഹാന്‍സന്‍ അഭിപ്രായപ്പെട്ടു. ‘പ്രതിരോധ കാര്യങ്ങളില്‍ ഞങ്ങള്‍ അതീവ ഗൗരവമുള്ളവരാണെന്നും ശക്തമായി മുന്നോട്ട് വരികയാണെന്നുമാണ് ഈ തീരുമാനം ലോകത്തോട് വിളിച്ചുപറയുന്നത്,’ കനേഡിയന്‍ റോയല്‍ നാവികസേനയിലെ വിരമിച്ച കമാന്‍ഡര്‍ കൂടിയായ ഹാന്‍സന്‍ വ്യക്തമാക്കി. കാനഡയുടെ ഭാവി അന്തര്‍വാഹിനി തന്ത്രങ്ങളില്‍ ഹാലിഫാക്‌സ് നഗരം അതീവ നിര്‍ണ്ണായകമായ പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജര്‍മ്മന്‍ കമ്പനിയുമായുള്ള ഈ പങ്കാളിത്തം രാജ്യത്തുടനീളം ഒരു ലക്ഷത്തിലധികം മികച്ച ശമ്പളമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പകുതിയിലധികം തൊഴിലവസരങ്ങളും ഹാലിഫാക്‌സില്‍ മാത്രമായിരിക്കും കേന്ദ്രീകരിക്കുകയെന്ന് കെന്‍ ഹാന്‍സന്‍ ചൂണ്ടിക്കാട്ടി. ആല്‍ബര്‍ട്ടയില്‍ എണ്ണ ഉത്പാദനം വര്‍ധിച്ചപ്പോള്‍ എഡ്മിന്റണ്‍ നഗരത്തിനുണ്ടായ സാമ്പത്തിക വളര്‍ച്ചയ്ക്ക് സമാനമായ വലിയൊരു മുന്നേറ്റമായിരിക്കും ഹാലിഫാക്‌സ് നഗരത്തിനും ഇനി ഉണ്ടാകാന്‍ പോകുന്നത്.

ഹാലിഫാക്‌സിലെ HMC Dockyardല്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നടത്തിയ ഈ ചരിത്രപ്രധാനമായ പ്രഖ്യാപനത്തില്‍ നോവസ്‌കോഷ പ്രവിശ്യാ പ്രീമിയര്‍ ടിം ഹൂസ്റ്റണും പങ്കുചേര്‍ന്നു. ബ്രിട്ടിഷ് കൊളംബിയക്കൊപ്പം നോവസ്‌കോഷ പ്രവിശ്യയും അന്തര്‍വാഹിനികളുടെ പരിപാലനത്തിലും ആയുസ്സിലും പ്രധാന പങ്കുവഹിക്കുമെന്ന് ടിം ഹൂസ്റ്റണ്‍ പ്രസ്താവനയില്‍ അറിയിച്ചു. ആകെ നിര്‍മ്മിക്കുന്നതില്‍ ആറ് അന്തര്‍വാഹിനികളുടെ അറ്റകുറ്റപ്പണികളും സര്‍വീസിങും ഹാലിഫാക്‌സില്‍ തന്നെയായിരിക്കും നടക്കുക. ഇത് മേഖലയിലേക്ക് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം കൊണ്ടുവരുന്നതിനും, സ്ഥിരതയുള്ള ജോലി ആഗ്രഹിക്കുന്ന നോവസ്‌കോഷയിലെ ജനങ്ങള്‍ക്ക് പുതിയ തൊഴില്‍ മേഖലകള്‍ തുറക്കുന്നതിനും, പ്രാദേശിക വിതരണ ശൃംഖലകളുടെ വളര്‍ച്ചയ്ക്കും കാരണമാകും.
അതേസമയം, പുതിയ അന്തര്‍വാഹിനികള്‍ ഹാലിഫാക്‌സ് തുറമുഖത്ത് എത്തിച്ചേരാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മൂന്ന് നൂറ്റാണ്ടോളം പഴക്കമുള്ള നാവിക പാരമ്പര്യമുള്ള ഹാലിഫാക്‌സ് നഗരത്തില്‍ നാവികസേനയുടെ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളാണ് ജനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ കാണാന്‍ സാധിക്കുകയെന്ന് ഹാന്‍സന്‍ പറഞ്ഞു. ഹാലിഫാക്‌സിലെ ജനസംഖ്യാ വളര്‍ച്ചയും കപ്പല്‍ നിര്‍മ്മാണ മേഖലയിലെ ഉണര്‍വും കണക്കിലെടുക്കുമ്പോള്‍ ഈ പദ്ധതി നഗരത്തെ ആഗോള ഭൂപടത്തില്‍ കൂടുതല്‍ പ്രശസ്തമാക്കുമെന്ന് യൂണിവേഴ്‌സിറ്റി പ്രൊഫസറായ എഡ് മക്ഹ്യൂ അഭിപ്രായപ്പെട്ടു.
ഈ പദ്ധതിക്കായി വന്‍തോതില്‍ വിദഗ്ധ തൊഴിലാളികളെ ആവശ്യമായി വരുമെന്നും, അതുകൊണ്ടുതന്നെ അറ്റ്ലാന്റിക് കാനഡയില്‍ സുരക്ഷിതമായ ജോലി ആഗ്രഹിക്കുന്ന യുവാക്കള്‍ സാങ്കേതിക-തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ (Skilled trades) തിരഞ്ഞെടുക്കുന്നത് മികച്ച ഭാവിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഹാലിഫാക്‌സ് തീരത്ത് നിരവധി നാവിക കപ്പലുകളും കെട്ടിടങ്ങളും ഉള്ളതിനാല്‍, പുതിയ അന്തര്‍വാഹിനി കേന്ദ്രം സ്ഥാപിക്കുന്നതിനായി ഹാലിഫാക്‌സ് ഹാര്‍ബറിന്റെ ഇരുവശങ്ങളിലുമുള്ള മറ്റ് അനുയോജ്യമായ സ്ഥലങ്ങള്‍ അധികൃതര്‍ പരിഗണിക്കേണ്ടി വരും.
