കാല്‍ഗറി: കാനഡയിലെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് സ്ത്രീ-പുരുഷ ശമ്പള വ്യത്യാസത്തില്‍ ആല്‍ബര്‍ട്ട ഒന്നാമതെന്ന് റിപ്പോര്‍ട്ട്. ‘കനേഡിയന്‍ സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്സ്’ (CCPA) പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടിലാണ് വരുമാനത്തിലെ ഈ അസമത്വം ചൂണ്ടിക്കാണിക്കുന്നത്. ആല്‍ബര്‍ട്ടയില്‍ വാര്‍ഷിക വരുമാനത്തില്‍ പുരുഷന്മാര് ഒരു ഡോളര്‍ സമ്പാദിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നത് വെറും 64 സെന്റ് മാത്രമാണ്. ഈ വിഷയത്തില്‍ കാനഡയുടെ ദേശീയ ശരാശരി 72 സെന്റാണെന്നിരിക്കെയാണിത്.
പ്രതിവാര വരുമാനത്തിന്റെ കണക്കെടുത്താലും ആല്‍ബര്‍ട്ടയിലെ സ്ഥിതി വ്യത്യസ്തമല്ല. കാനഡയിലുടനീളം പ്രതിവാര വരുമാനത്തില്‍ പുരുഷന്മാരുടെ ഒരു ഡോളറിന് എതിരെ സ്ത്രീകള്‍ക്ക് 80 സെന്റ് ലഭിക്കുമ്പോള്‍ ആല്‍ബര്‍ട്ടയില്‍ ഇത് 71 സെന്റ് മാത്രമാണ്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയില്‍ നിന്നുള്ള 2024, 2025 വര്‍ഷങ്ങളിലെ ഔദ്യോഗിക വിവരങ്ങള്‍ വിശകലനം ചെയ്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ രണ്ട് മാനദണ്ഡങ്ങളിലും ആല്‍ബര്‍ട്ട കാനഡയില്‍ ഏറ്റവും പിന്നിലാണെന്ന് സി.സി.പി.എ സീനിയര്‍ ഗവേഷകയായ കാതറിന് സ്കോട്ട് ചൂണ്ടിക്കാട്ടി. പ്രവിശ്യാ സര്‍ക്കാര്‍ ദീര്‍ഘകാലമായി കുറഞ്ഞ വേതനം വര്‍ധിപ്പിക്കാതെ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത് കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഈ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. കൂടാതെ സ്ത്രീകള്‍ കൂടുതല്‍ ജോലി ചെയ്യുന്ന വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പ്രവിശ്യാ സര്‍ക്കാര്‍ വരുത്തിയ ബജറ്റ് വെട്ടിക്കുറയ്ക്കലുകളും ഈ വരുമാന വ്യത്യാസം വര്‍ധിക്കാന്‍ കാരണമായി.
ആല്‍ബര്‍ട്ടയിലെ വരുമാന വ്യത്യാസത്തിന് പിന്നിലെ പ്രധാന കാരണം ഇവിടുത്തെ എണ്ണ-വാതക മേഖലയുടെ സ്വാധീനമാണെന്ന് മൗണ്ട് റോയല്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ക്രിസ്റ്റ്യന്‍ കുക്ക് വിലയിരുത്തുന്നു. പുരുഷന്മാര്ക്ക് വലിയ മുന്‍തൂക്കമുള്ളതും ഉയര്‍ന്ന ശമ്പളം ലഭിക്കുന്നതുമായ ഈ മേഖലയിലെ വരുമാനം പ്രവിശ്യയുടെ മൊത്തം വരുമാന ശരാശരിയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. വരുമാനത്തിലെ ഈ അസമത്വം പരിഹരിക്കാന്‍ പ്രൊവിഡന്‍ഷ്യല്‍ തലത്തില്‍ ശക്തമായ സംവിധാനം വേണം. നിലവില്‍ ആല്‍ബര്‍ട്ടയില്‍ ആരെങ്കിലും പരാതി നല്കിയാല് മാത്രം അന്വേഷിക്കുന്ന രീതിയാണുള്ളത്. എന്നാല്‍ ഒന്റാരിയോ പ്രവിശ്യയിലെപ്പോലെ കമ്പനികളെ കൃത്യമായി ഓഡിറ്റ് ചെയ്ത് ശമ്പളത്തിലെ അസമത്വം പരിഹരിക്കുന്ന ‘പേ ഇക്വിറ്റി കമ്മീഷന്’ പോലുള്ള ഒരു സജീവ സംവിധാനം ആല്‍ബര്‍ട്ടയിലും വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യുവതലമുറ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പുരുഷന്മാരെപ്പോലെ തന്നെ കഠിനാധ്വാനം ചെയ്തിട്ടും ഇത്തരം കണക്കുകള്‍ വരുന്നത് കടുത്ത നിരാശയുണ്ടാക്കുന്നുവെന്ന് കാല്‍ഗറി സര്‍വകലാശാലയിലെ ബയോളജിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനി മാര്‍സി സുന്ദ് പറഞ്ഞു. പെട്രോളിയം എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയായ അലക്സാന്‍ഡ്രിയ ഹണ്ടും ഈ ആശങ്ക പങ്കുവെച്ചു. ഈ സ്ഥിതി തുടര്‍ന്നാല്‍ കരിയറിലെ തങ്ങളുടെ വിജയസാധ്യത കുറയുമെന്ന ഭയമാണ് ഭൂരിഭാഗം വിദ്യാര്ത്ഥിനികള്ക്കുമുള്ളത്.
അതേസമയം, ലിംഗഭേദമന്യേ എല്ലാ ജീവനക്കാര്‍ക്കും തൊഴില്‍ നിയമങ്ങള്‍ ഒരുപോലെയാണെന്നും, മറ്റ് പ്രവിശ്യകളിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചും വിദഗ്ധരുമായി ചര്‍ച്ച നടത്തിയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും ആല്‍ബര്‍ട്ടയുടെ തൊഴില്‍-കുടിയേറ്റ മന്ത്രാലയ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. ശമ്പള കാര്യങ്ങളില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരേണ്ടത് അടിയന്തിര ആവശ്യമാണെന്ന് മൗണ്ട് റോയല്‍ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി പ്രൊഫസര്‍ ടോം ബുക്കാനനും വ്യക്തമാക്കി.
